നീലേശ്വരം: ഈ ഇല്ലം നിറയെ ഹെഡ്മാസ്റ്റര്‍മാര്‍ മാത്രം. നീലേശ്വരം പട്ടേന പഴനെല്ലി ഇല്ലത്തെ പരേതരായ ഗോവിന്ദന്‍ നമ്പൂതിരി-സരസ്വതി അന്തര്‍ജനം ദമ്പതികളും അഞ്ച് ആണ്‍മക്കളും പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ച് വിരമിച്ചവരാണ്. നാരായണന്‍ നമ്പൂതിരി, കേശവന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, ശംഭു നമ്പൂതിരി, പരേതനായ ശങ്കരന്‍ നമ്പൂതിരി എന്നിവരാണ് വിവിധ സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ച സഹോദരങ്ങള്‍. മൂത്ത സഹോദരന്‍ നാരായണന്‍ നമ്പൂതിരി 1960ല്‍ അധ്യാപകനായി 1996ല്‍ കാഞ്ഞിരപ്പൊയില്‍ യു.പി സ്കൂളില്‍നിന്ന് വിരമിച്ചു. കേശവന്‍ നമ്പൂതിരി 1968ല്‍ കണ്ണൂര്‍ മാടായി ഹൈസ്കൂളില്‍ അധ്യാപകനായി 1994ല്‍ ഉപ്പിലിക്കൈ ഹൈസ്കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. കൃഷ്ണന്‍ നമ്പൂതിരി 1969ല്‍ ചുള്ള ഹൈസ്കൂളില്‍ അധ്യാപകനായി കാഞ്ഞിരപ്പൊയില്‍ സ്കൂളില്‍നിന്ന് വിരമിച്ചു. 1980ല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായി ചേര്‍ന്ന ശംഭു നമ്പൂതിരി 2013ല്‍ ഇതേ സ്കൂളില്‍നിന്ന് വിരമിച്ചു. ഇളയ സഹോദരനായ ശങ്കരന്‍ നമ്പൂതിരി പാലായി എ.എല്‍.പി സ്കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. ഇതില്‍ ശംഭു നമ്പൂതിരിയുടെ സഹധര്‍മിണി സാവിത്രി അന്തര്‍ജനം കുണിയ ഹൈസ്കൂളില്‍ നാലുവര്‍ഷം പ്രധാനാധ്യാപികയായി പ്രവര്‍ത്തിക്കുകയും പിന്നീട് തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസറായി പിരിയുകയുമായിരുന്നു. ഒരുപക്ഷേ, ഒരു കുടുംബത്തിലെ എല്ലാ ആണ്‍മക്കളും ഹെഡ്മാസ്റ്റര്‍മാരായി പിരിയുന്ന സംഭവങ്ങള്‍ അപൂര്‍വ കാഴ്ചയാണ്. വിരമിച്ച ശേഷം ഈ അപൂര്‍വ സഹോദരങ്ങള്‍ ഇല്ലത്ത് വിശ്രമജീവിതം നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.