പിലിക്കോട് യു.പി സ്കൂള്‍ പരിസരം പൊടിയില്‍ മുങ്ങുന്നു

ചെറുവത്തൂര്‍: ടാറിടാത്ത റോഡിലൂടെ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ദുരിതത്തില്‍. പിലിക്കോട് ഗവ. യു.പി സ്കൂള്‍ മുതല്‍ രയരമംഗലം ക്ഷേത്ര പരിസരം വരെയുള്ള പ്രദേശം പൊടിയില്‍ മുങ്ങുന്നു. ദേശീയപാത ഒഴിവാക്കി പൊലീസിന്‍െറ കണ്ണുവെട്ടിച്ച് കടന്നുപോകാനുള്ള വഴിയാക്കി ടിപ്പര്‍ ലോറിക്കാര്‍ ഇതിനെ മാറ്റിയതോടെയാണ് ജനങ്ങളുടെ ദുരിതവും ആരംഭിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് സ്കൂളിനു സമീപത്തുനിന്ന് ക്ഷേത്രത്തിന് സമീപം വരെ റോഡ് നിര്‍മിച്ചത്. ഇതോടെ ഉദിനൂര്‍ ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴിയായി ഇത് മാറി. എന്നാല്‍, രാപകല്‍ ഭേദമില്ലാതെ ലോറികള്‍ പാഞ്ഞുതുടങ്ങിയതോടെ റോഡില്‍നിന്ന് പൊടി ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങി. റോഡിന്‍െറ ഇരുവശങ്ങളിലുമായി ക്ഷേത്ര പരിസത്തുള്ള വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. പല വീടുകളിലും ഉള്‍ഭാഗം വരെ പൊടി നിറഞ്ഞു. പിലിക്കോട് ഗവ. യു.പി സ്കൂളിലേക്ക് നിരവധി കുട്ടികള്‍ കടന്നുപോകുന്ന വഴിയാണിത്. ചെറിയൊരു വാഹനം കടന്നുപോയാല്‍പോലും പൊടി ഉയര്‍ന്നുപൊങ്ങുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് അവര്‍ ഇതുവഴി കടന്നുപോകുന്നത്. ലോറികളുടെ അമിതവേഗതയും അപകട ഭീഷണിയുയര്‍ത്തുന്നു. വേഗത കുറച്ചു പോകാന്‍ ആവശ്യപ്പെട്ടാല്‍ ലോറി ഡ്രൈവര്‍മാര്‍ അത് ചെവിക്കൊള്ളുന്നില്ളെന്നും പ്രദേശവാസികള്‍ പറയുന്നു. ഉദിനൂര്‍ ഭാഗങ്ങളില്‍ എത്താന്‍ തൊട്ടരികിലൂടെ ടാര്‍ ചെയ്ത റോഡുണ്ടെങ്കിലും അതുപയോഗിക്കുന്നില്ല. അടുത്തിടെ ചേര്‍ന്ന അയല്‍ക്കൂട്ടത്തില്‍ പ്രദേശവാസികള്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രശ്നപരിഹാരത്തിന് നടപടിയുണ്ടായിട്ടില്ല. റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നത് വരെയെങ്കിലും വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് നിയന്ത്രിച്ചാല്‍ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.