എല്‍.ബി.എസ് കോളജിന് കൂടുതല്‍ തുക വകയിരുത്തും

കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ കാമ്പസ് ഇന്‍റര്‍വ്യൂ നടത്താന്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് അടുത്ത ബജറ്റില്‍ തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോളജില്‍ മാസ്റ്റര്‍ സ്റ്റേഡിയത്തിന്‍െറയും മള്‍ട്ടി സ്പോര്‍ട്സ് പ്ളേ സ്പേസിന്‍െറയും ഉദ്ഘാടനവും ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍ററിന്‍െറ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയില്‍ എന്‍ജിനീയറിങ് കോളജുകള്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന്‍െറ മികച്ച ഉദാഹരണമാണ് കാസര്‍കോട് എല്‍.ബി.എസ് കോളജ്. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തിപ്പിടിച്ച് മികച്ച നേട്ടം കൈവരിക്കുന്നതിന്‍െറ റെക്കോഡ് തുടരണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്‍റ് അമിനിറ്റി സെന്‍ററിന്‍െറ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സിവില്‍ എന്‍ജിനീയറിങ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് എം.ടെക് കോഴ്സ് കാസര്‍കോട് എല്‍.ബി.എസ് കോളജില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്‍റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് അടുത്തമാസം പരപ്പനങ്ങാടിയില്‍ തറക്കല്ലിടും. പോളിടെക്നിക്, എന്‍ജിനീയറിങ് കോളജ്, മാസ് കമ്യൂണിക്കേഷന്‍, അപൈ്ളഡ് സയന്‍സ് കോളജ് എന്നിവ ഇവിടെ ഒരേ സെന്‍ററില്‍ ആരംഭിക്കും. തിരുവനന്തപുരത്ത് നടത്തുന്ന ഗ്ളോബല്‍ എജുക്കേഷന്‍ മീറ്റ് അന്താരാഷ്ട്ര പ്രശസ്തമായ സര്‍വകലാശാലകളിലെ വിദഗ്ധരുമായി സംവദിക്കാന്‍ കേരളത്തിന് അവസരം നല്‍കും. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ഉറപ്പുവരുത്തുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഫാബ് ലാബ് പി. കരുണാകരന്‍ എം.പിയും സോഷ്യല്‍ സര്‍വിസ് ഇനീഷ്യേറ്റിവ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ)യും മഴവെള്ള സംഭരണി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ പി.ബി. അബ്ദുറസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സിഡ്കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, ന്യൂനപക്ഷ ക്ഷേമ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കൈത്തറി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, ജനപ്രതിനിധികളായ ഖാദര്‍ വെള്ളിപ്പാടി, ഓമന രാമചന്ദ്രന്‍, അഡ്വ. എ.പി. ഉഷ, അഡ്വ. കെ. ശ്രീകാന്ത്, ബിന്ദു ശ്രീധരന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹരീഷ് ബി. നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നായര്‍, സി.എം. ജലീല്‍, സുരേഷ് പുതിയടത്ത്, ശങ്കരന്‍, സജി സെബാസ്റ്റ്യന്‍, തോമസ് ജേക്കബ്, സുകുമാരന്‍, നഫീസ അഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എ. നവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. എ. മുജീബ് സ്വാഗതവും പി.ടി.എ സെക്രട്ടറി പി.എം. സാമുവല്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.