ബാനറുകളും കൊടിമരങ്ങളും നശിപ്പിച്ചതിന്‍െറ പേരില്‍ പലയിടത്തും സംഘര്‍ഷം

കാസര്‍കോട്: ജാതി, മത, രാഷ്ട്രീയ സംഘടനകള്‍ നഗരത്തിലുയര്‍ത്തിയ കൊടിതോരണങ്ങളും ബാനറുകളും പൊലീസിന് തലവേദനയാകുന്നു. പൊതുസ്ഥലങ്ങളിലെ ബാനറുകളും കൊടിമരങ്ങളും നശിപ്പിച്ചതിന്‍െറ പേരില്‍ മത വിഭാഗങ്ങളും രാഷ്ട്രീയപാര്‍ട്ടി അണികളും ഏറ്റുമുട്ടല്‍ പതിവാക്കിയത് പൊലീസിനെ അലട്ടുന്ന ക്രമസമാധാന പ്രശ്നമായി മാറി. ചെങ്കള, ആലംപാടി, വിദ്യാനഗര്‍, നായന്മാര്‍മൂല, ബദിയടുക്ക, പട്ല , മധൂര്‍ എന്നിവിടങ്ങളില്‍ ലീഗ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തിന് അറുതിയായിട്ടില്ല. ഇവിടങ്ങളില്‍ ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു മാസമായി നഗരത്തില്‍ മത്സരിച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുകയാണ്. കൊടിതോരണങ്ങള്‍ നശിപ്പിക്കല്‍ സംഘര്‍ഷങ്ങളില്‍ കലാശിക്കാതിരിക്കാന്‍ പൊലീസുകാര്‍ കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണെന്ന് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. നഗരത്തിന്‍െറ വിവിധഭാഗങ്ങളില്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ കൊടിതോരണങ്ങള്‍ മൂലം മറഞ്ഞിരിക്കുകയാണ്. ദിവസവും ഒന്നും രണ്ടും റാലികള്‍ നടക്കുന്നതിനാല്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെടുന്നു. സിഗ്നല്‍ ബോര്‍ഡുകളും ഡിവൈഡറുകളും റോഡുകളുമെല്ലാം പാര്‍ട്ടികളുടെ ചായം തേച്ച് വികൃതമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ബോര്‍ഡുകളിലടക്കം ഫ്ളക്സ് ഒട്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ എതാണ്ട് എല്ലാ രാഷ്ട്രീയകക്ഷികളും കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രീയ വിശദീകരണ ജാഥകള്‍ നടത്തുന്നു. നഗരത്തിലും പരിസരങ്ങളിലും തലങ്ങും വിലങ്ങും ഇവയുടെ പ്രചാരണ ബോര്‍ഡുകളും കൊടിതോരണങ്ങളുമാണ്. ഇതിന് പുറമെ മത,സാമുദായിക സംഘടനകളുടെയും ഉത്സവങ്ങളുടെയും ബോര്‍ഡുകളും വ്യാപകമാണ്. പൊതുസ്ഥലങ്ങളിലും പൊതുമരാമത്ത് റോഡുകളിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി വേണമെന്നിരിക്കെ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് രാഷ്ട്രീയപാര്‍ട്ടികളും മത സംഘടനകളും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. റാലികളും അനുമതിയില്ലാതെയാണ് നടക്കുന്നത്. 2015 ജനുവരി മുതല്‍ 2016 ജനുവരി ഒന്ന് വരെ കാസര്‍കോട് സര്‍ക്കിള്‍ പരിധിയില്‍ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കാസര്‍കോട് സി.ഐ പി.കെ. സുധാകരന്‍ അറിയിച്ചു. സ്ഥിതി കൂടുതല്‍ വഷളാവാതിരിക്കാന്‍ മത സാമുദായിക രാഷ്ട്രീയ സംഘടനകളുടെ യോഗം വിളിച്ച് യുക്തമായ തീരുമാനമുണ്ടാക്കണമെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യം. രാഷ്ട്രീയ, സാമുദായിക പരിപാടികളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന കൊടികളും പ്രചാരണബോര്‍ഡുകളും പരിപാടി കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ടവര്‍ തന്നെ നീക്കം ചെയ്യണമെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കാത്തതാണ് സ്ഥിതി വഷളാകാന്‍ ഇടയാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.