കുമ്പള സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

കുമ്പള: മിനുട്സ് ബുക്കില്‍ രേഖപ്പെടുത്തിയ ഭരണസമിതി തീരുമാനത്തെ തിരുത്തി നിയമനം നടത്തി എന്നാരോപിച്ച് കുമ്പള സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറി ജഗദീഷ് റൈയെ സസ്പെന്‍ഡ് ചെയ്തു. ഇതു കൂടാതെ, ഒരു ലക്ഷം വായ്പയെടുത്ത ഒരു സ്ത്രീയെക്കൊണ്ട് 35,000 രൂപ നിര്‍ബന്ധിച്ച് തിരിച്ചടപ്പിക്കുകയും പകരം ചെക്ക് നല്‍കുകയും ചെയ്തുവെന്നും മറ്റൊരു ഇടപാടുകാരന് മൂന്ന് ലക്ഷം ഫിക്സഡ് ഡെപോസിറ്റിന് ഡ്യൂപ്ളിക്കേറ്റ് രസീതി നല്‍കിയെന്നും ആരോപണമുള്ളതായി പറയുന്നു. സെപ്റ്റംബര്‍ 22ന് നടന്ന ഭരണ സമിതി യോഗത്തില്‍ പ്യൂണ്‍ തസ്തികയിലേക്ക് ഒരാളെ നിയമിക്കുന്നതിന് തീരുമാനിച്ചിരുന്നുവത്രെ. ഈ തീരുമാനത്തിന്മേല്‍ സെക്രട്ടറി ഡയറക്ടര്‍മാരിലൊരാളുടെ മകനെ മിനുട്സ് തിരുത്തി നിയമിക്കുകയായിരുന്നുവെന്ന് ഭരണസമിതി പ്രസിഡന്‍റ് ശങ്കര ആള്‍വ പറഞ്ഞു. ബാങ്കിന്‍െറ സായാഹ്ന ശാഖാ കെട്ടിട നിര്‍മാണത്തിലും താഴത്തെ നിലയിലെ കടമുറികള്‍ വാടകക്ക് നല്‍കിയ ഇനത്തിലും ഇയാള്‍ ക്രമക്കേടുകള്‍ നടത്തിയതായും സംശയമുണ്ടത്രെ. അതിനിടെ കഴിഞ്ഞ ദിവസം ബാങ്കില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറി. ഭരണ സമിതി അംഗങ്ങള്‍ സെക്രട്ടറിയില്‍ നിന്നും മിനുട്സ് ബുക്കും താക്കോലുകളും ബലമായി പിടിച്ചുവാങ്ങി. ഇതിനെതിരെ സെക്രട്ടറി ജഗദീഷ് റൈ കുമ്പള പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച സന്ധ്യയോടെ കുമ്പള സി.ഐ കെ.പി. സുരേഷ് ബാബുവിന്‍െറ സാന്നിധ്യത്തില്‍ ഭരണ സമിതിയംഗങ്ങളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയെങ്കിലും മിനുട്സ് ബുക്കും താക്കോലും നല്‍കാന്‍ പ്രസിഡന്‍റ് ശങ്കര ആള്‍വ വിസമ്മതിച്ചു. തുടര്‍ന്ന് നിലവിലുള്ള പ്രകാരം നടക്കട്ടെ എന്ന തീരുമാനത്തോടെ യോഗം പിരിയുകയായിരുന്നു. നിയമപ്രകാരം താക്കോലും രേഖകളും സൂക്ഷിക്കേണ്ട ബാധ്യത തനിക്കാണെന്നും 60 കോടിയോളം രൂപയുടെ മുതലുകളുടെ സുരക്ഷക്ക് ഭീഷണിയാണ് നിലവിലെ സാഹചര്യം എന്നുമാണ് സെക്രട്ടറി വാദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.