കാസര്‍കോട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ കാസര്‍കോട്ട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കാസര്‍കോട് ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലായി സജ്ജീകരിച്ച എട്ട് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. ചന്ദ്രഗിരി (സ്കൂള്‍ ഗ്രൗണ്ട്), പയസ്വിനി (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍), തേജസ്വിനി (സന്ധ്യാരാഗം ഓഡിറ്റോറിയം), മധുവാഹിനി (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍), നേത്രാവതി (സ്കൂള്‍ ഓഡിറ്റോറിയം), പെരിയാര്‍ (ഹയര്‍ സെക്കന്‍ഡറി ബ്ളോക്), കാവേരി (മുനിസിപ്പല്‍ വനിതാ ഹാള്‍), കബനി (ചിന്മയ വിദ്യാലയ ഹാള്‍) എന്നിവയാണ് വേദികള്‍. ജനുവരി നാലിന് സ്റ്റേജിതര മത്സരങ്ങള്‍ നടത്തും. അഞ്ച് മുതല്‍ എട്ട് വരെയാണ് സ്റ്റേജിന മത്സരങ്ങള്‍. അഞ്ചിന് വൈകീട്ട് നാലിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. സമാപന സമ്മേളനം എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 4,426 മത്സരാര്‍ഥികള്‍ പങ്കെടുക്കും. 298 മത്സര ഇനങ്ങളാണുള്ളത്. മത്സരാര്‍ഥികളുടെ രജിസ്ട്രേഷന്‍ വെള്ളിയാഴ്ച നടന്നു. കലോത്സവത്തിന്‍െറ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീര്‍ തയാറായി. ഉദ്ഘാടനചടങ്ങില്‍ ഇതിന്‍െറ പ്രകാശനം നിര്‍വഹിക്കും. ഗായകന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്‍െറ നേതൃത്വത്തില്‍ 56 ഗായകരെ ഉള്‍പ്പെടുത്തി സ്വാഗത ഗാനം ചിട്ടപ്പെടുത്തി കഴിഞ്ഞു. കലോത്സവത്തില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് അപ്പീലിലൂടെ മത്സരിക്കാന്‍ അവസരം ലഭിച്ച വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാവിലെ 10ന് ആവശ്യമായ രേഖകള്‍ സഹിതം കാസര്‍കോട് ജി.എച്ച്.എസ്.എസിലെ പ്രോഗ്രാം ഓഫിസില്‍ എത്തണം. വെള്ളിയാഴ്ച വൈകീട്ട് നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. ഊട്ടുപുരയുടെ കലവറ നിറക്കല്‍ ശനിയാഴ്ച വൈകീട്ട് കാസര്‍കോട്ടെ വ്യാപാരി സമൂഹത്തിന്‍െറ നേതൃത്വത്തില്‍ നടത്തും. പാചക വിദഗ്ധന്‍ ചെറുവത്തൂര്‍ മാധവന്‍ നമ്പൂതിരിയും സംഘവുമാണ് പാചകത്തിന് ഇത്തവണയും നേതൃത്വം നല്‍കുന്നത്. ജനുവരി നാല് മുതല്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിനടുത്ത്് ഊട്ടുപുര പ്രവര്‍ത്തിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്സന്‍ ബിഫാത്തിമ ഇബ്രാഹിം, പാദൂര്‍ കുഞ്ഞാമു, മിസ്രിയ ഹമീദ്, വി.വി. രാമചന്ദ്രന്‍, ഇ. രതീഷ്, എ.എസ്. മുഹമ്മദ് കുഞ്ഞി, എം. ചന്ദ്രകല, എം.പി. അനിത ഭായി, സി. ഹരിദാസന്‍, പി. നാരായണന്‍, കെ.എസ്. നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.