വിദ്യാര്‍ഥി പ്രധാനമന്ത്രിക്ക് കത്തെഴുതി; റോഡ് നന്നാക്കാന്‍ നടപടിയായി

കാസര്‍കോട്: പ്രധാനമന്ത്രിയുടെ വിലാസത്തില്‍ പരാതി അയച്ചാല്‍ അത് ഉടന്‍ തീര്‍പ്പാകും എന്ന് ആരോ പറഞ്ഞറിഞ്ഞാണ് മംഗല്‍പാടി സ്വദേശിയും മംഗളൂരു ശാരദ വിദ്യാലയത്തിലെ പി.യു.സി വിദ്യാര്‍ഥിയുമായ അശ്വാല്‍ ഷെട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം പഞ്ചായത്തിലെ റോഡിന്‍െറ ദുരവസ്ഥയെക്കുറിച്ച് കത്തെഴുതിയത്. തന്‍െറ വീട്ടുപറമ്പിന് സമീപത്തുകൂടി കടന്നുപോകുന്ന കൊടിവയല്‍ റോഡിന്‍െറ ദുരവസ്ഥയെക്കുറിച്ചാണ് അശ്വാല്‍ കത്തില്‍ വിവരിച്ചത്. വീടിനരികെ പോകുന്ന ടാറിട്ട റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പല പാര്‍ട്ടിക്കാരോടും നാട്ടുകാര്‍ പ്രശ്നം പറഞ്ഞെങ്കിലും റോഡ് മാത്രം നന്നായില്ല. അപ്പോഴാണ് സഹപാഠികളിലാരോ നേരിട്ട് മോദിക്ക് കത്തെഴുതാന്‍ നിര്‍ദേശിച്ചത്. മോദിയുടെ ഇന്‍റര്‍നെറ്റില്‍ വിലാസം തപ്പിയെടുത്ത്് റോഡിന്‍െറ ശോച്യാവസ്ഥയെക്കുറിച്ച് മലയാളത്തില്‍ ഒരു തുറന്ന കത്തെഴുതി. കത്തുകിട്ടിയതോടെ മോദി കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംഭവം അന്വേഷിക്കാന്‍ ഉത്തരവ് നല്‍കി. പ്രധാനമന്ത്രിയുടെ ഉത്തരവ് കിട്ടിയതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗ്രാമപഞ്ചായത്തുകളുടെ റോഡുകള്‍ ഗതാഗത യോഗ്യമാക്കേണ്ടത് അതത് പഞ്ചായത്തുകളാണെന്നും അധിക ഫണ്ട് അനുവദിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിലവില്‍ വ്യവസ്ഥയില്ളെന്നും ചൂണ്ടിക്കാട്ടി റോഡ് നന്നാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ മംഗല്‍പാടി പഞ്ചായത്തിന് നിര്‍ദേശം നല്‍കി. പഞ്ചായത്തിന്‍െറ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കാനും അല്ലാത്ത പക്ഷം എം.എല്‍.എയുടെയോ എം.പിയുടെയോ ഫണ്ട് കണ്ടത്തെി റോഡ് നന്നാക്കാനും പഞ്ചായത്തിന് നിര്‍ദേശം നല്‍കി. റോഡിന്‍െറ നടപടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുകളിലേക്ക് അറിയിക്കാനും നിര്‍ദേശിച്ചു. ഇതോടെ പഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം അനുവദിച്ച് റോഡ് നിര്‍മാണം ആരംഭിച്ചു. മംഗല്‍പാടി കൊടിവയല്‍ പാതയില്‍ 200 മീറ്റര്‍ റോഡാണ് നന്നാക്കിയെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.