റെയില്‍വേ സ്റ്റേഷന്‍ കെട്ടിടനിര്‍മാണം തുടങ്ങുന്നു

തൃക്കരിപ്പൂര്‍: കരാറെടുക്കാന്‍ ആളില്ലാതെ നീണ്ടുപോയ തൃക്കരിപ്പൂര്‍, ഏഴിമല റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരില്‍ എത്തിയ എന്‍ജിനീയര്‍ സ്ഥലം അളന്ന് അടയാളപ്പെടുത്തി. ചെറുവത്തൂര്‍ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രമാണ് അനുബന്ധമായി പണിയുന്ന മറ്റൊരു കെട്ടിടം. രണ്ടു തവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ആരും മുന്നോട്ടുവന്നില്ല. തുക ലാപ്സാവുന്ന സാഹചര്യത്തിലാണ് മൂന്നാം തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായത്. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കാന്‍ 35 ലക്ഷം രൂപയാണ് അനുവദിച്ചത്. ഏഴിമല, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവൃത്തിക്ക് 86 ലക്ഷം രൂപയുമാണ് അനുവദിക്കപ്പെട്ടത്. തൃക്കരിപ്പൂരില്‍ നിലവിലുള്ള കെട്ടിടത്തിന്‍െറ വടക്ക് മാറിയാണ് പുതിയ കെട്ടിടം പണിയുക. യാത്രക്കാര്‍ക്കുള്ള വെയിറ്റിങ് ഹാള്‍, ഓഫിസ് മുറികള്‍, രണ്ട് ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കുന്നത്. പ്ളാറ്റുഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കെട്ടിടം പണിക്ക് അനുബന്ധമായി ഉയരം കുറഞ്ഞ ഒന്നാം പ്ളാറ്റ്ഫോം ഉയര്‍ത്തുന്ന നടപടിയും ആരംഭിക്കും. ചെറിയ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റടുക്കാന്‍ റെയില്‍വേയുടെ അംഗീകൃത കരാറുകാര്‍ തയാറാവാത്തതാണ് കാത്തിരിപ്പ് നീളുന്നതിനിടയാക്കിയത്. കാലപഴക്കം മൂലം ചോര്‍ന്നൊലിക്കുന്ന തൃക്കരിപ്പൂരിലെ കെട്ടിടത്തില്‍ മഴക്കാലത്ത് പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചാണ് ചോര്‍ച്ച തടയുന്നത്. ഒറ്റ മുറിയില്‍ ടിക്കറ്റ് കൗണ്ടറും സ്റ്റേഷന്‍മുറിയും പ്രവര്‍ത്തിക്കുന്നതിനകത്ത് തന്നെയാണ് ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും ഉള്ളത്. തൃക്കരിപ്പൂരിന് പുറമെ ചെറുവത്തൂരില്‍ കാത്തിരിപ്പ് കേന്ദ്രവും ഏഴിമലയില്‍ കെട്ടിടവും നിര്‍മിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് റെയില്‍വേ നടപടി സ്വീകരിച്ചത്. നാല് എക്സ്പ്രസ് ട്രെയിനുള്‍പ്പെടെ 12 വണ്ടികള്‍ക്ക് ഈ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്. ബൈന്ദൂര്‍ പാസഞ്ചറിന്‍െറ വരവോടെ കലക്ഷന്‍ വര്‍ധവിനോടപ്പം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സ്റ്റേഷനായി തൃക്കരിപ്പൂര്‍ മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.