സി.പി.എം-ബി.ജെ.പി സംഘര്‍ഷം : നിരവധി വീടുകള്‍ തകര്‍ത്തു; വാഹനങ്ങള്‍ക്ക് തീയിട്ടു

അജാനൂര്‍ (കാസര്‍കോട്): ഞായറാഴ്ച പകലും രാത്രിയും പൊയ്യക്കര, മല്ലികമാട്, കൊളവയല്‍, കാറ്റാടി പ്രദേശങ്ങളിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ പരിക്കേറ്റവരുടെ എണ്ണം 11 ആയി. നിരവധി വീടുകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ തീയിടുകയും ചെയ്തു. മോട്ടോബൈക്ക് കത്തിക്കുകയും ഗുഡ്സ് ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകനായ ലക്ഷ്മണന്‍ (48), മകന്‍ യശ്വന്ത് (20), കരുണാകരന്‍, പ്രതീഷ് എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി 11 മണിയോടെയുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റത്. ഇവരെ ആദ്യം കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലും തടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. സംഘര്‍ഷത്തെ തുടര്‍ന്ന് രാവണേശ്വരത്തെ മുക്കുട് സുനില്‍, സുജിത്ത്, അജാനൂര്‍ കടപ്പുറത്തെ സുനാമി കോളനിയിലെ സുധാകരന്‍, ബിനീഷ്, ഭാര്യ ഷൈന എന്നിവര്‍ക്ക് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സന്ധ്യയോടെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകരായ സുനില്‍, സുജിത്ത്, ബജീഷ,് കൃപേഷ്, മിഥുന്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കാഞ്ഞങ്ങാട്ടെയും മംഗളൂരുവിലേയും ആശുപത്രികളില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിന് തുടര്‍ച്ചയെന്നോണമാണ് മുക്കൂട് കുന്നത്ത് കടവിലെ രവിയുടെ മോട്ടോര്‍ബൈക്കിന് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. കുന്നത്ത് കടവിലെ അജേഷിന്‍െറ ഓട്ടോ ടെമ്പോയും അക്രമികള്‍ കല്ളേറില്‍ തകര്‍ത്തു. ചിത്താരി കടപ്പുറം ഉപ ദ്വീപിലെ കണ്ണന്‍, പാഞ്ചാലി, നാരായണന്‍, കോരന്‍, ശോഭ എന്നിവരുടെ വീടുകള്‍ക്കുനേരെ അക്രമം നടത്തി. കണ്ണന്‍െറ വീട്ടിലെ പാത്രങ്ങള്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവ പുറത്തേക്ക് വലിച്ചിട്ട് നശിപ്പിച്ചു. മകളുടെ കല്യാണത്തിന് കരുതിവെച്ച പണം വരെ നഷ്ടപ്പെട്ടതായി കണ്ണന്‍ പരാതിപ്പെട്ടിരിക്കയാണ്. പാഞ്ചാലിയുടെ ഓടിട്ട വീട്ടിന്‍െറ ജനലുകള്‍ തകര്‍ന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാ ണ് വീടിന് നേരെ അക്രമം നടന്നത്. ഞായറാഴ്ച സന്ധ്യക്ക് ബി.ജെ.പി പ്രവര്‍ത്തകരായ പൊയ്യക്കരയിലെ ശ്രീധരന്‍, കരുണാകരന്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ തകര്‍ത്തിരുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ കനത്ത പൊലീസ് സേനയെയും പല ഭാഗങ്ങളിലും നിലനിര്‍ത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.