കര്‍ണാടകയില്‍നിന്ന് മണല്‍ കടത്തിയ മൂന്ന് ലോറികള്‍ പിടിച്ചു

ബദിയടുക്ക: കര്‍ണാടകയില്‍ നിന്ന് ഊടുവഴിയിലൂടെ കേരളത്തിലേക്ക് മണല്‍ കടത്തിയ മൂന്ന് ലോറികള്‍ പിടിച്ചു. ലോറി ഡ്രൈവര്‍മാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചിക്കമഗളൂരുവിലെ അസാവുദ്ദീന്‍ (27), ബണ്ട്വാളിലെ സനാവുല്ല (27), പ്രേംപ്രകാശ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പെര്‍ള ചെക്പോസ്റ്റിന് സമീപം നെടുവയലിലാണ് ലോറികള്‍ പിടിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ ഭാഗത്തുകൂടെ വ്യാപകമായി മണല്‍ കടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. പല തവണ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരൊറ്റ ലോറി പോലും പിടിക്കാനായില്ല. ഊടുവഴികളിലൂടെയായിരുന്നു കേരളത്തിലേക്ക് മണല്‍ കടത്ത്. കഴിഞ്ഞ ദിവസം ബദിയടുക്ക എസ്.ഐ എ. ദാമോദരനും സംഘവും വേഷം മാറി സ്വകാര്യ കാറില്‍ പല വഴികളിലൂടെയുള്ള അന്വേഷണത്തിനൊടുവില്‍ മൂന്ന് ടിപ്പര്‍ ലോറികള്‍ പിടികൂടുകയായിരുന്നു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ രജിത് കുമാര്‍, മനോജ് പയ്യരി, രാജേഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. ഒരു രേഖകളുമില്ലാതെ ഈ വഴികളില്‍ കോഴിയും മറ്റു ഗാര്‍ഹിക ഉപകരണങ്ങളും ഇലക്ട്രിക് സാധനങ്ങളും കടത്തുന്നതായി വ്യാപക പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.