കര്‍മസമിതി വീണ്ടും സമരത്തിലേക്ക്

ബോവിക്കാനം: ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പദ്ധതി അനന്തമായി നീളുന്നതിനെതിരെ നാട്ടുകാരുടെ കര്‍മസമിതി വീണ്ടും സമരത്തിലേക്ക്. നേരത്തെ നിര്‍ത്തിവെച്ച പ്രക്ഷോഭം ശക്തമായി തുടരാനാണ് കര്‍മസമിതിയുടെ തീരുമാനം. ബാവിക്കരയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരസഭയിലേയും സമീപത്തുള്ള നാല് പഞ്ചായത്തുകളുടെയും കുടിവെള്ള-കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി ആലോചിച്ചത്. 2012ല്‍ മന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ നടന്ന വികസന യോഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. 2015 ജനുവരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ടെന്‍റര്‍ വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2015 സെപ്റ്റംബര്‍ 22ന് പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പദ്ധതിക്ക് ജലവിഭവ വകുപ്പ് സാങ്കേതികാനുമതിയും നല്‍കി. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമായില്ല. പുതിയ ബജറ്റിലും ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നു തുടങ്ങുമെന്ന് പറഞ്ഞിട്ടില്ല. ഇതോടെയാണ് കര്‍മസമിതി സമര രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിതല ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. ഫെബ്രുവരി 20നകം നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് ആകുമ്പോഴേക്കും ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനം. ജലസേചന വകുപ്പിന്‍െറയും വാട്ടര്‍ അതോറിറ്റിയുടെയും പ്രധാന ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍, ഉദുമ, കാസര്‍കോട് എം.എല്‍.എമാര്‍ എന്നിവര്‍ കര്‍മസമിതിയുടെ വിപുലമായ യോഗത്തില്‍ സംബന്ധിച്ച് നിര്‍മാണം സംബന്ധിച്ച ഉറപ്പു നല്‍കാമെന്നും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍, ചര്‍ച്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതിനുള്ള ഒരു നടപടിയും ആകാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഓരോ വര്‍ഷവും വേനല്‍ കഴിയാറാവുമ്പോഴേക്കും കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ ബാവിക്കരയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുകയാണ് പതിവ്. ബാവിക്കരയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജോ താല്‍ക്കാലിക തടയണയോ നിര്‍മിക്കാന്‍ വൈകുന്നത് ഉപ്പുവെള്ളം കയറാനുള്ള സാധ്യത കൂട്ടുന്നതായി കര്‍മസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍മസമിതി യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മുനീര്‍ മുനമ്പം, എം.എ. ബഷീര്‍, വാസു ചട്ടഞ്ചാല്‍, പവിത്രന്‍, അബ്ദുല്ല ആലൂര്‍, ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.