കാസര്‍കോട്: ‘പുറമെ നിന്ന് ആളുകള്‍ വീട്ടിലത്തെിയാല്‍ ഇത്രയധികം പെണ്ണുങ്ങളും കുട്ടികളും കൂടുമോ..? മലയാള കവിതയിലെ കളിയച്ഛന്‍െറ വീട്ടുപടിക്കലത്തെിയപ്പോള്‍ കവി ഒ.എന്‍.വി. കുറുപ്പിന്‍െറ സംശയം അല്‍പം ഉച്ചത്തിലായിരുന്നു. ‘അക്ഷരമറിയുന്നവരെ ഈടീല്ലപ്പിയക്ക് ബല്ല്യ ബഹുമാനമാണ്’-മഹാകവി പി.യുടെ സഹോദര ഭാര്യ ജാനകിയമ്മ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞങ്ങാട് വെള്ളിക്കോത്തെ മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജന്മഗൃഹം സന്ദര്‍ശിക്കാനത്തെിയതായിരുന്നു ഒ.എന്‍.വി. പടിക്കാല്‍ ക്ഷേത്രപാലക ക്ഷേത്രത്തിനപ്പുറത്താണ് പി.കുഞ്ഞിരാമന്‍ നായര്‍ ജനിച്ച മഠത്തില്‍ വീട്. ഒ.എന്‍.വി എത്തുന്നതറിഞ്ഞ് പി.യുടെ അനുജന്‍െറ ഭാര്യ ജാനകിയമ്മയും ബന്ധുക്കളും കവിയെ സ്വീകരിക്കാന്‍ പടിവാതില്‍ക്കല്‍ തന്നെയുണ്ടായിരുന്നു. എല്ലാവരെയും സ്വാഗതം ചെയ്തു നില്‍ക്കുന്ന പഴയ വീടിന്‍െറ മുകള്‍ത്തട്ടിലേക്ക് ഒ.എന്‍.വി ഒന്നുനോക്കി. നോട്ടത്തിന്‍െറ അര്‍ഥമറിഞ്ഞ് ജാനകിയമ്മ പറഞ്ഞു -‘ഓറ് അവസാനകാലത്ത് വന്നാല്‍ മുകളിലെ മുറിയിലാണ് താമസം. പുലര്‍ച്ചെ വരെ മുറിയില്‍ നിന്ന് ഒച്ചയും ബഹളവുമെല്ലാം കേള്‍ക്കാം’. ഞാങ്ങോ ആരും അങ്ങോട്ട് പോലില്ല. ‘പടിഞ്ഞാറ്റയിലെ ദൈവ ചിത്രങ്ങള്‍ക്കരികില്‍ ചില്ലുപൊട്ടിയ ഫ്രെയിമിനകത്ത് ഒട്ടിച്ചുവെച്ചിരുന്ന പഴയൊരു മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ പുറംതാള്‍ അവര്‍ കവിക്ക് കാട്ടിക്കൊടുത്തു. പി.യുടെ ചിത്രം അച്ചടിച്ചുവന്ന ആഴ്ചപ്പതിപ്പിന്‍െറ താള്‍ പൊന്നുപോലെ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു അവര്‍. അത് കൗതുകത്തോടെ നോക്കി ഒ.എന്‍.വി ഒന്നു ചിരിച്ചു. ‘ഓറെ ചെറിയപ്പോളത്തെ പോട്ടം ഒന്നും ഈടെയില്ല.’ ജാനകിയമ്മ പറഞ്ഞു. കവി അവരുടെ കൈകള്‍ കൂട്ടിപ്പിടിച്ച് ഒരു നിമിഷം ഇടപ്പടിയില്‍നിന്നു. മെല്ളെ പൂമുഖത്തെ കസേരയില്‍ വന്നിരുന്നു. സാഹിത്യകാരനും വിമര്‍ശകനുമായ ടി.പി. സുകുമാരന്‍ മാഷും ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ പി. മുരളീധരന്‍ മാസ്റ്ററും ഇപ്റ്റ എന്ന സംഘടനയുടെ സാരഥിയും മുന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബറുമായ ചന്ദ്രഹാസന്‍ മാഷും ഒ.എന്‍.വിയുടെ കൂടെയുണ്ടായിരുന്നു. കവിയുടെ അമ്മയെക്കുറിച്ചാണ് ഒ.എന്‍.വി ജാനകിയമ്മയോട് ചോദിച്ചത്. കവി ഒ.എന്‍.വി. കുറുപ്പ് എത്തിയതറിഞ്ഞ് അയല്‍ക്കാരെല്ലാം മഠത്തിലാളപ്പിന്‍െറ മുറ്റത്ത് കൂടി. കവി അദ്ഭുതം കൂറി. മാവിന്‍ തളിരിലകള്‍ വീണ ഇടവഴിയിലൂടെ കവിഭവനത്തില്‍ നിന്ന് തിരികെ നടക്കുമ്പോള്‍ ഒ.എന്‍.വി പറയുന്നുണ്ടായിരുന്നു -‘ഈ ഗ്രാമത്തിന്‍െറ വിശുദ്ധി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ഈ സൗന്ദര്യമാണ് പി. കുഞ്ഞിരാമന്‍ നായരെ അടിമുടി സൗന്ദര്യാരാധകനാക്കിയത്’. പിന്നീടൊരിക്കല്‍കൂടി ഒ.എന്‍.വി വെള്ളിക്കോത്തേക്ക് വന്നിരുന്നു. യങ്മെന്‍സ് ക്ളബിന്‍െറ വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാനായിരുന്നു അത്. പൂര്‍ണകുംഭവും താലപ്പൊലിയും താളമേളങ്ങളുമായി ആഘോഷപൂര്‍വമാണ് വെള്ളിക്കോത്തെ പൗരാവലി അദ്ദേഹത്തെ വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.