ജൈവ പച്ചക്കറി കൃഷിയില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കാന്‍ പദ്ധതി

കാസര്‍കോട്: നാലുവര്‍ഷത്തിനകം ജൈവ പച്ചക്കറി കൃഷിയില്‍ ജില്ലയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതി വരുന്നു. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം പദ്ധതികള്‍ സംബന്ധിച്ച് പ്രാഥമിക രൂപം നല്‍കി. ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍തോറും രണ്ടോ മൂന്നോ ക്ളസ്റ്ററുകള്‍ രൂപവത്കരിച്ച് കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ കൂട്ടായ്മയോടെ പച്ചക്കറി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ഗ്രൂപ് ഒരു ഇനം മാത്രം ഉല്‍പാദിപ്പിച്ചാല്‍ കമ്പോളത്തില്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഗ്രാമസഭകളില്‍ നിന്ന് ഇതിനുള്ള നിര്‍ദേശം സ്വരൂപിക്കും. ജില്ലാപഞ്ചായത്ത് സീഡ് ഫാമുകളില്‍ ഉല്‍പാദിപ്പിക്കുന്ന വിത്തും ജൈവവളവും ഗ്രാമപഞ്ചായത്തുകള്‍ മുഖേന ശേഖരിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടാക്കും. നെല്‍കൃഷിക്ക് കൂലിച്ചെലവ് നല്‍കും. മാലിന്യ സംസ്കരണത്തിലും പുതിയ മാതൃകകള്‍ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അങ്കണവാടികളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദ്യം മാലിന്യമുക്തമാക്കും. ജൈവവള നിര്‍മാണത്തിന് മാലിന്യങ്ങള്‍ ഉപയോഗിക്കും. മുഴുവന്‍ വീടുകളിലും കക്കൂസ് ഉറപ്പു വരുത്തും. ഇന്ദിരാവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി 2489 വീടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം നിര്‍മിക്കും. വിദ്യാഭ്യാസ രംഗത്ത് ഒന്നാം ക്ളാസ് മുതല്‍ ഗുണമേന്മയുളള പഠനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കി. ഡയറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ലാമ്പ് ഹലോ ടീച്ചര്‍ പദ്ധതി വിപുലീകരിക്കും. സര്‍ക്കാരേതര സംഘടനകളുടെ സഹകരണത്തോടെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം മാര്‍ച്ച് 10 മുതല്‍ നടപ്പാക്കും. ഇതിന് ഗ്രാമപഞ്ചായത്തുകളും തുക വകയിരുത്തണം. വളര്‍ത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പിനുള്ളലൈസന്‍സ് പുതുക്കണം. കാഞ്ഞങ്ങാട്, നീലേശ്വരം, മഞ്ചേശ്വരം വെറ്ററിനറി ആശുപത്രികള്‍, മുളിയാര്‍, പ്ളാച്ചിക്കര വെറ്ററിനറി ഡിസ്പെന്‍സറികള്‍, കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് സൗകര്യമൊരുക്കുക. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് സഹായകമാവുന്ന പദ്ധതികള്‍ രൂപവത്കരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. സ്കോളര്‍ഷിപ് നല്‍കാന്‍ ഗ്രാമപഞ്ചായത്തുകളും സഹായോപകരണങ്ങള്‍ക്ക് ജില്ലാ-ബ്ളോക് പഞ്ചായത്തുകളും തുക വകയിരുത്തും. പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനത്തിന്‍െറ സഹായം കൂടുതല്‍ രോഗികളിലേക്ക് എത്തിക്കുന്നതിനായി വിപുലപ്പെടുത്തും. ഒരു വാര്‍ഡിന് 10,000 രൂപ വീതം ജില്ലാപഞ്ചായത്ത് നല്‍കണമെന്ന് നിര്‍ദേശമുയര്‍ന്നു. കായികമേഖലയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിനും തയാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. കൃഷി വര്‍ക്കിങ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. വി.പി.പി. മുസ്തഫയാണ് കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ അവതരിപ്പിച്ചത്. സെക്രട്ടറി ഇ.പി. രാജ്മോഹന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി, പാദൂര്‍ കുഞ്ഞാമു ഹാജി, ഫരീദ സക്കീര്‍ അഹമ്മദ്, ഇ.പി. ഉഷ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.