വാര്‍ഡനെ ആക്രമിച്ച് ജയില്‍ ചാടിയ പ്രതികള്‍ക്ക് മൂന്നേകാല്‍ വര്‍ഷം തടവ്

കാസര്‍കോട്: ജയില്‍ വാര്‍ഡനെ ആക്രമിച്ച് തടവുചാടിയ കേസിലെ നാല് പ്രതികള്‍ക്ക് കോടതി മൂന്നേകാല്‍ വര്‍ഷം തടവും 2000 രൂപ പിഴയും വിധിച്ചു. 2012 നവംബര്‍ 20ന് കാസര്‍കോട് സബ് ജയിലില്‍നിന്ന് രക്ഷപ്പെട്ട പ്രതികള്‍ക്കാണ് കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് (മൂന്ന്) കോടതി ജഡ്ജി സനു എസ്. പണിക്കര്‍ തടവും പിഴയും വിധിച്ചത്. ബോവിക്കാനം മല്ലം റോഡിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ഇടുക്കി പീരുമേട് സ്വദേശി കൊക്കയാര്‍ ഓലപ്പുരക്കല്‍ വീട്ടില്‍ തങ്കച്ചന്‍ എന്നറിയപ്പെടുന്ന രാജന്‍ എന്ന തെക്കന്‍ രാജന്‍ (62), കൊലക്കേസ് പ്രതി മഞ്ചേശ്വരം ഹൊസബെട്ടു ഹുര്‍ണി ഹൗസില്‍ മുഹമ്മദ് ഇഖ്ബാല്‍ (31), കാറഡുക്ക കര്‍മ്മന്തൊടി കാവുങ്കാലിലെ രാജേഷ് (34), ഹൊസബെട്ടു ജാറം ഹൗസില്‍ മുഹമ്മദ് റഷീദ് (32) എന്നിവരെയാണ് ശിക്ഷിച്ചത്. വിവിധ കേസുകളില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ വാര്‍ഡന്‍ കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശി പവിത്രനെ (42) ബക്കറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയാണ് ജയില്‍ ചാടിയത്. മൂന്നു പ്രതികളെ പൊലീസ് ദിവസങ്ങള്‍ക്കകം പിടികൂടി. തെക്കന്‍ രാജനെ മാസങ്ങള്‍ക്കുശേഷം തമിഴ്നാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുന്നതിനിടെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, ഗൂഢാലോചന, ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ജയില്‍ചാടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇതില്‍ വധശ്രമവും ഗൂഢാലോചനക്കുറ്റവും പ്രൊസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ളെന്ന് കോടതി വിലയിരുത്തി. വ്യത്യസ്ത കുറ്റങ്ങള്‍ക്കായി വിധിച്ച തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.