യാത്രകള്‍ സമാപനത്തിലേക്ക്: ജില്ലയില്‍നിന്ന് പുറപ്പെട്ടത് ഒരുഡസന്‍ യാത്ര

കാസര്‍കോട്: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കേരളത്തിന്‍െറ വടക്കേയറ്റത്തുനിന്ന് പുറപ്പെട്ടത് ഒരു ഡസന്‍ യാത്ര. ഈ യാത്രകള്‍ ഇന്നുമുതല്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങും. ഈവര്‍ഷം ആരംഭത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനാണ് യാത്രക്ക് തുടക്കമിട്ടത്. ജനുവരി നാലിന് സുധീരന്‍ തുടങ്ങിയ യാത്ര ഫെബ്രുവരി 11നായിരുന്നു തിരുവനന്തപുരത്ത് സമാപിക്കേണ്ടിയിരുന്നത്. എന്നാല്‍, യാത്ര ചൊവ്വാഴ്ച വരെയായി ചുരുക്കി. 37 ദിവസം നീണ്ട യാത്ര മുന്‍ സ്പീക്കര്‍ എ.സി. ജോസിന്‍െറ മരണം കാരണം ഏതാനും ദിവസം മുടങ്ങിയെങ്കിലും സമാപന തീയതി നേരത്തേയാക്കുകയാണുണ്ടായത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ നവകേരള മാര്‍ച്ച് ജനുവരി 15നാണ് തുടങ്ങിയത്. 31 ദിവസം നീണ്ടയാത്രക്ക് 14ന് സമാപനമാകും. മുസ്ലിം ലീഗിന്‍െറ യാത്രക്ക് തുടക്കം കുറിച്ചത് ജനുവരി 25നാണ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിച്ച ഈ യാത്രയുടെ സമാപനം ഫെബ്രുവരി 11നാണ്. 19 ദിവസമാണ് ലീഗിന്‍െറ യാത്രയുടെ നീളം. മന്ത്രിസഭയിലെ ഒരുഅംഗം കേരള യാത്ര നടത്തുന്നുവെന്ന പ്രത്യേകതയാണ് ഈ യാത്രക്കുള്ളത്. സുധീരനും പിണറായിയും കഴിഞ്ഞാല്‍ ഏറ്റവും നീണ്ട പര്യടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍േറതുമാണ്. ഇവര്‍ നയിച്ച യാത്രക്ക് 22 ദിവസത്തെ ദൈര്‍ഘ്യമുണ്ട്. ജനുവരി 27ന് ആരംഭിച്ച സി.പി.ഐ യാത്ര ഫെബ്രുവരി 18ന് സമാപിക്കും. ജനുവരി 27ന് ആരംഭിച്ച കുമ്മനത്തിന്‍െറ യാത്ര 10ന് സമാപിക്കും. ജനുവരി 20ന് ആരംഭിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍െറ യാത്ര ഫെബ്രുവരി അഞ്ചിന് സമാപിച്ചു. ജനുവരി 30ന് ആരംഭിച്ച ഐ.എന്‍.എല്‍ യാത്ര 13ന് സമാപിക്കും. ഫെബ്രുവരി ആറിന് ആരംഭിച്ച ഫോര്‍വേഡ് ബ്ളോക് യാത്ര 21ന് അവസാനിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ജനമുന്നേറ്റയാത്രകൂടി കേരളത്തിന്‍െറ തെരുവീഥികളിലൂടെ പോകാനുണ്ട്. ഈമാസം 24ന് തുടങ്ങുന്ന ഈ യാത്ര13 ദിവസംകൊണ്ട് മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പുറമെ ഹിന്ദു ഐക്യവേദിയുടെ സ്ത്രീ സ്വാഭിമാന്‍ യാത്ര, കീടനാശിനി വിരുദ്ധ യാത്ര, ജനകീയ നീതി യാത്ര എന്നിവയും കാസര്‍കോട്ടുനിന്ന് പുറപ്പെട്ടിട്ടുണ്ട്്. കുരീപ്പുഴ ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ ഒരുയാത്ര കൂടി പുറപ്പെടാനുണ്ട്. ഇതോടെ ഇത്തവണ കാസര്‍കോട്ടുനിന്ന് പുറപ്പെട്ട യാത്രയുടെ എണ്ണം 12 ആകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.