തൃക്കരിപ്പൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു

തൃക്കരിപ്പൂര്‍: രണ്ടു പതിറ്റാണ്ടിന് ശേഷം പെരുങ്കളിയാട്ടത്തിന് വേദിയാവുന്ന തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നാല് ദിനം നീളുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമായി. ഈറനുടുത്ത്, ആരവം മുഴക്കി നഗ്നപാദരായി ധിറുതിയില്‍ നടന്നുനീങ്ങിയ നൂറുകണക്കിന് വാല്യക്കാരുടെയും കോമരങ്ങളുടെയും അകമ്പടിയിലാണ് ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തില്‍നിന്നും തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍നിന്നും ദീപവും തിരിയും മുച്ചിലോട്ട് എത്തിച്ചത്. ഈ ദീപങ്ങളില്‍നിന്നാണ് അടുക്കളയില്‍ അഗ്നി പകര്‍ന്നത്. നാല് ദിവസത്തെ കളിയാട്ട ദിവസങ്ങളില്‍ രണ്ട് ലക്ഷം പേര്‍ക്കാണ് ആഹാരം നല്‍കുന്നത്. ഒരേസമയം നാലായിരം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറോളം വാല്യക്കാര്‍ ഭക്ഷണപ്പുരയില്‍ സജീവമായി. അനിഷ്ട സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ സി.സി.ടി.വി കാമറയുടെ നിയന്ത്രണത്തിലാണ്. തലിച്ചാലം റെയില്‍വേ ഗേറ്റ് മുതല്‍ കിഴക്ക് മുച്ചിലോട്ട് റോഡ­ു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കളിയാട്ടത്തിന്‍െറ ഭാഗമായി മിനി സ്റ്റേഡിയത്തില്‍ ആരംഭിച്ച അഖിലേന്ത്യാ പ്രദര്‍ശന നഗരിയില്‍ തിരക്കേറി. വിജ്ഞാനത്തിനും കൗതുകത്തിനും ഉല്ലാസത്തിനും ഉതകുന്ന പ്രദര്‍ശനം ആറ് ദിനം പിന്നിട്ടു. വൈദ്യുതി വകുപ്പ്, എക്സൈസ്, സി.പി.സി.ആര്‍.ഐ, കാര്‍ഷിക കോളജ്, വനംവകുപ്പ്, കേരള പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പ് തുടങ്ങിയ പവലിയനുകളാണ് പ്രദര്‍ശന നഗരിയിലുള്ളത്.കളിയാട്ടത്തിന്‍െറ രണ്ടാംദിനമായ ഞായറാഴ്ച രാവിലെ ആറ് മുതല്‍ പുള്ളൂര്‍ കാളിദേവി, രക്തചാമുണ്ഡി, മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കുണ്ടോര്‍ ചാമുണ്ഡി എന്നീ തെയ്യങ്ങളും വൈകീട്ട് മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റവും നെയ്യാട്ടവും വൈകീട്ട് അഞ്ചിന് പുല്ലൂര്‍ കണ്ണന്‍ ദൈവം, രാത്രി എട്ടിന് മടയില്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, രാത്രി 11ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, നെയ്യാട്ടം എന്നിവ നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മാനവീയ സൗഹൃദ സദസ്സ് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കെ.പി.എ.സിയുടെ നാടകം പ്രണയസാഗരം അരങ്ങേറും. പരിപാടികളുടെ ഒൗപചാരിക ഉദ്ഘാടനം വിധാന്‍ സൗധ ചീഫ് വിപ് ഗണേഷ് കാര്‍ണിക് ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ പ്രഭാഷണം നടത്തി. കെ. ശ്രീകാന്ത്, പി.കെ. ഫൈസല്‍, പി. കോരന്‍, ടി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പി. കൃഷ്ണന്‍ സ്വാഗതവും കെ.വി. വിജയന്‍ നന്ദിയും പറഞ്ഞു. അക്ഷരശ്ളോക സദസ്, മെഗാഷോ എന്നിവ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.