ബദിയടുക്കയില്‍ പ്രചാരണ ബോര്‍ഡുകള്‍ക്ക് നിയന്ത്രണം

ബദിയടുക്ക: ഇടക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ബദിയടുക്കയില്‍ പ്രചാരണ ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താല്‍ തീരുമാനിച്ചു. ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. പരിപാടികള്‍ കഴിഞ്ഞ് പൊതുസ്ഥലത്ത് നീക്കം ചെയ്യാത്ത മുഴുവന്‍ ഫ്ളക്സ് ബോര്‍ഡ്കളും കൊടിതോരണങ്ങളും ഫെബ്രുവരി 10ന് മുമ്പ് ബന്ധപ്പെട്ടവര്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പൊലീസ് നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ബദിയടുക്ക ടൗണില്‍ അപ്പര്‍ ബസാര്‍ ആഴ്ചച്ചന്തയുടെ അടുത്തുള്ള ടാക്സി സ്റ്റാന്‍ഡ് പരിസരം, മൂക്കമ്പാറ റോഡ് എന്നിവിടങ്ങളില്‍ പ്രചാരണം നടത്താം. പരിപാടികള്‍ക്ക് ഒരാഴ്ച മുമ്പ് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ മാറ്റണം. ഫ്ളക്സ് ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കാന്‍ പഞ്ചായത്തിന്‍െറയും പൊലീസിന്‍െറയും മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം. ആരാധനാലയങ്ങളുടെ ആഘോഷങ്ങള്‍ക്ക് പൊതുസ്ഥലത്ത് 50 മീറ്ററില്‍ കൂടി ഡെക്കറേഷന്‍ നടത്താന്‍ പാടില്ല. കമാനങ്ങള്‍ റോഡ് കവറാക്കി അപകടം വരുത്തുന്ന രീതിയില്‍ ചെയ്യുന്നത് കോടതി പരാമര്‍ശിച്ചതാണ്. അത് നടപ്പില്‍വരുത്താന്‍ ശ്രമിക്കും. തീരുമാനങ്ങള്‍ ആരാധനാലയങ്ങളുടെ ഭാരവാഹികളെയും മതസംഘടനകളെയും മറ്റു സന്നദ്ധ സംഘടനകളെയും അറിയിച്ച് തീരുമാനങ്ങള്‍ നടപ്പില്‍വരുത്തും. എല്ലാവരുടെയും അറിവിലേക്കായി സര്‍വകക്ഷി തീരുമാനം പൊലീസ് നോട്ടീസടിച്ച് വിതരണം ചെയ്യും. ഇത് ലംഘിക്കുന്നവര്‍ക്ക് രാഷ്ട്രീയ നേതൃത്വം പ്രോത്സാഹനം നല്‍കരുതെന്ന് യോഗത്തില്‍ പരാമര്‍ശമുയര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണഭട്ട്, വൈസ് പ്രസിഡന്‍റ് സൈബുന്നിസ മൊയ്തീന്‍കുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അന്‍വര്‍ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, ബ്ളോക് പഞ്ചായത്ത് അംഗം അവിനാശ് റൈ, മെംബര്‍മാരായ വിശ്വനാഥ പ്രഭു, മുനീര്‍ ചെടേക്കല്‍, ശാന്ത ബാറഡുക്ക, മുഹമ്മദ് ബിര്‍മിനടുക്ക, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മാഹിന്‍ കേളോട്ട്, ജഗന്നാഥ ഷെട്ടി, സഞ്ജീവ റൈ, ടിമ്പര്‍ മുഹമ്മദ് പാട്ലടുക്ക, ചന്ദ്രശേഖര ഷെട്ടി, ഹരീഷ് നാരമ്പാടി, സി.എച്ച്. ശങ്കര, ബദറുദ്ദീന്‍ താസിം, താരാനാഥ്, എം. അബ്ബാസ്, ലത്തീഫ് കന്യാന, ബി.എം. സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ഐ എ. ദാമോദരന്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.