തകര്‍ച്ചാ ഭീഷണി: കുമ്പള ബസ്സ്റ്റാന്‍ഡില്‍ കയറരുതെന്ന് മുന്നറിയിപ്പ്

കുമ്പള: കുമ്പള ബസ്സ്റ്റാന്‍ഡ് കോംപ്ളക്സില്‍ കയറിനില്‍ക്കരുതെന്ന് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഉത്തരവായി. കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുന്നറിയിപ്പ് രേഖപ്പെടുത്തിയ ഫ്ളക്സ് ബോര്‍ഡ് ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ശനിയാഴ്ച പതിച്ചു. കാലപ്പഴക്കംകൊണ്ട് ദ്രവിച്ചു തുടങ്ങിയ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സ് കെട്ടിടത്തിന്‍െറ വാര്‍പിന്‍െറ സിമന്‍റുകള്‍ വിണ്ടുകീറി പാളികളായി ഇളകിവീഴുന്നത് പതിവായിട്ടുണ്ട്. ജനുവരി എട്ടിന് ഉച്ചക്ക് ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനികളുടെ ഇടയിലേക്ക് സീലിങ് ഇളകിവീണ് പരിക്കേറ്റിരുന്നു. ബസ്സ്റ്റാന്‍ഡ് കോംപ്ളക്സിന്‍െറ കോണ്‍ക്രീറ്റ് തൂണുകളും തകര്‍ന്ന് കമ്പികള്‍ പുറത്തുവന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് ബസ്സ്റ്റാന്‍ഡില്‍ കയറിനില്‍ക്കരുതെന്ന് ഉത്തരവ് ഇറക്കിയിട്ടുള്ളത്. മാത്രമല്ല, ഒരാഴ്ച മുമ്പ് ് ബസ്സ്റ്റാന്‍ഡിനകത്ത് ആളുകള്‍ കയറാതിരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ചുറ്റും ചെങ്കല്ലുപയോഗിച്ച് അരമതില്‍ കെട്ടിയിരുന്നു. ഈ മതിലും ചാടി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസ്സ്റ്റാന്‍ഡിനകത്ത് കടന്നുനില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നതിനാലാണ് ഉത്തരവ് എഴുതി പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, പൊതുജനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയതല്ലാതെ കച്ചവടക്കാരെ ഒഴിപ്പിക്കാനോ ബസ്സ്റ്റാന്‍ഡില്‍ കയറുന്നത് വിലക്കാനോ അധികൃതര്‍ തയാറായിട്ടില്ല. മുമ്പ് പല പ്രാവശ്യം കടമുറികള്‍ ഒഴിയണമെന്ന് പഞ്ചായത്ത് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എങ്കിലും ബലമായി ഒഴിപ്പിക്കാനോ വാടക കൈപ്പറ്റുന്നത് ഒഴിവാക്കാനോ പഞ്ചായത്ത് തുനിഞ്ഞിട്ടില്ല. ഈ മുന്നറിയിപ്പ് കേവലം കണ്ണുകെട്ടല്‍ വിദ്യ മാത്രമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.