ചന്തേര: പേരിന് ഒരു റെയില്‍വേ സ്റ്റേഷന്‍

ചെറുവത്തൂര്‍: പ്ളാറ്റ്ഫോമോ കെട്ടിടമോ ഇരിപ്പിടമോ മൂത്രപ്പുരയോ ഇല്ലാത്ത റെയില്‍വേ സ്റ്റേഷന്‍. മഴയിലും വെയിലത്തും കയറിനില്‍ക്കാന്‍ സൗകര്യമില്ല. ടിക്കറ്റ് നല്‍കുന്നതും പണം വാങ്ങുന്നതും പാട്ടത്തിനെടുത്തവര്‍. റിസര്‍വേഷന്‍ പോയിട്ട് സാദാ ടിക്കറ്റിനുപോലും സൗകര്യമില്ല. ഇങ്ങനെയും ഒരു സ്റ്റേഷനുണ്ടോ എന്ന് സംശയിക്കുന്നവരുണ്ടാവാം. ചെറുവത്തൂരിനും തൃക്കരിപ്പൂരിനുമിടയില്‍ ചന്തേരയിലാണ് അവഗണനക്ക് ഉദാഹരണമായി ഇങ്ങനെയൊരു സ്റ്റേഷനുള്ളത്. റെയില്‍വേ സ്റ്റേഷനെന്ന് ചന്തേരയെ വിശേഷിപ്പിച്ചാല്‍ റെയില്‍വേ അധികാരികളുടെ മട്ടും ഭാവവും മാറും. കാരണം അവരുടെ പട്ടികയില്‍ ഇതു വെറും ട്രെയിന്‍ ഹാള്‍ട്ട് മാത്രമാണ്. ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ സ്റ്റേഷനുകളുടെ ഇടയിലാണ് ചന്തേര ട്രെയിന്‍ ഹാള്‍ട്ടെന്ന് റെയില്‍വേക്കാര്‍ പറയുന്ന ചന്തേര റെയില്‍വേ സ്റ്റേഷന്‍. ഇവിടെ വണ്ടിയില്‍ കയറാന്‍ ആദ്യമായത്തെുന്ന യാത്രക്കാരന്‍ ചിലപ്പോള്‍ സ്റ്റേഷനല്ളെന്ന് കരുതി മടങ്ങിപ്പോയാല്‍ അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ആ വിധമാണ് ഇവിടുത്തെ സൗകര്യങ്ങള്‍. പ്രതിദിനം രാവിലെയും വൈകീട്ടുമായി നാലു വണ്ടികള്‍ക്കാണ് ചന്തേരയില്‍ സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. ഇവ പോയിക്കഴിഞ്ഞാല്‍ പിന്നെ റെയില്‍വേ സ്റ്റേഷനില്‍ ആളനക്കമുണ്ടാവില്ല. പ്രതിദിനം നിരവധി പേര്‍ ചന്തേര സ്റ്റേഷനെ ആശ്രയിക്കുന്നുണ്ടെങ്കിലും അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ഇതൊന്നും പോരാ. സ്റ്റേഷനില്‍ സ്റ്റോപ്പുള്ള വണ്ടികളില്‍ കയറാനും ഇറങ്ങാനും യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും ചില്ലറയല്ല. ഇരുഭാഗത്തും പ്ളാറ്റ്ഫോമുകളില്ലാത്തതിനാല്‍ വളരെ സാഹസികമായാണ് യാത്രക്കാര്‍ ഇറങ്ങുന്നതും കയറുന്നതും. പ്രായമായവരും രോഗികളുമെല്ലാം ഇതുമൂലം ഏറെ പ്രയാസമനുഭവിക്കുന്നു. ജില്ലയില്‍ ചന്തേര, കളനാട് റെയില്‍വേ സ്റ്റേഷനുകളാണ് വികസന കാര്യത്തില്‍ വളരെ പിന്നാക്കം നില്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.