ഉദ്യോഗസ്ഥരില്ല; കരിന്തളത്തുകാര്‍ നട്ടംതിരിയുന്നു

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്ടര്‍ ഇല്ലാതായിട്ട് 15 വര്‍ഷമായി. കൃഷി ഓഫിസറില്ലാതായിട്ട് രണ്ടുവര്‍ഷവും. ഇതുമൂലം മലയോര പ്രദേശമായ കരിന്തളത്തുകാര്‍ നട്ടംതിരിയുകയാണ്. ക്ഷീരകൃഷി പ്രധാന ജീവിത വരുമാനമാര്‍ഗമായ 1100 കര്‍ഷകര്‍ ഈ പഞ്ചായത്തിലുണ്ട്. പ്രതിദിനം 6000 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ക്ഷീരസംഘങ്ങളുണ്ട്. മൃഗാശുപത്രിയില്‍ ഡോക്ടറില്ലാത്തത് കാരണം കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലികള്‍ക്ക് യഥാസമയം ചികിത്സയോ കുത്തിവെപ്പോ നല്‍കാന്‍ കഴിയുന്നില്ല. കന്നുകാലികള്‍ക്ക് രോഗങ്ങള്‍ സംഭവിക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ ഡോക്ടറില്ലാത്തതിനാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നില്ല. ജില്ലയിലേക്ക് നിയമിച്ച 17 ഡോക്ടര്‍മാരില്‍ ആറുപേര്‍ മാത്രമാണ് ചാര്‍ജെടുത്തത്. കരിന്തളത്ത് നിയമിച്ച തൃശൂര്‍ ജില്ലക്കാരനായ ഡോ. അരുണ്‍കുമാര്‍ ചാര്‍ജെടുക്കാന്‍ തയാറാകുന്നില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് അനുവദിച്ച പ്രത്യേക പാക്കേജില്‍നിന്നുള്ള ധനസഹായ വിതരണം, വളര്‍ത്തുനായ്ക്കളുടെ കുത്തിവെപ്പ് എന്നിവയും മുടങ്ങിക്കിടക്കുകയാണ്. മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വാങ്ങിയവരുള്ള കരിന്തളത്ത് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ നിരവധി കര്‍ഷകര്‍ ക്ഷീരകൃഷി ഉപേക്ഷിക്കുകയാണ്. കൃഷി ഓഫിസര്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭിക്കുന്നില്ല. കോടോം-ബേളൂര്‍ പഞ്ചായത്ത് കൃഷി ഓഫിസര്‍ ആഴ്ചയില്‍ ഒരുദിവസം ഇവിടെ വന്നുപോവുകയാണ്. കൃഷി ഓഫിസറെയും മൃഗഡോക്ടറെയും നിയമിക്കണമെന്നാവശ്യപ്പെട്ട് കരിന്തളം ഫാര്‍മേഴ്സ് ക്ളബ് കൃഷി-മൃഗസംരക്ഷണ മന്ത്രി കെ.പി. മോഹനനും വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കി. അടിയന്തരമായി നിയമനടപടി സ്വീകരിച്ചില്ളെങ്കില്‍ കര്‍ഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കരിന്തളം ഫാര്‍മേഴ്സ് ക്ളബ് ചീഫ് പ്രൊമോട്ടര്‍ എം. ചന്ദ്രന്‍, അസോ. പ്രൊമോട്ടര്‍ എം.വി. രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.