ചിറപ്പുറത്തെ മാലിന്യ സംസ്കരണ പ്ളാന്‍റ് ആറുമാസത്തിനകം പ്രവര്‍ത്തനക്ഷമമാകും

നീലേശ്വരം: ചിറപ്പുറത്ത് ആറുവര്‍ഷം മുമ്പ് നിര്‍മിച്ച ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് ആറുമാസത്തിനകം പ്രവര്‍ത്തനക്ഷമമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ അറിയിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍മാന്‍ തീരുമാനം അറിയിച്ചത്. പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനനാണ് കൗണ്‍സില്‍ യോഗത്തില്‍ ഈ പ്രശ്നം ഉന്നയിച്ചത്. കുഞ്ഞാലിന്‍കീഴില്‍ റോഡിന്‍െറ മധ്യഭാഗത്ത് അപകടകരമായ രീതിയില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയിലേക്ക് 2200 ഒടുക്കുന്നതിന് കൗണ്‍സില്‍ അംഗീകാരമായി. നഗരസഭാ ബസ്സ്റ്റാന്‍ഡിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണ പ്രവൃത്തി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ബസ്സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്ത് വ്യാപാരികളുടെ കൈയേറ്റം തടയാന്‍ നടപടി സ്വീകരിക്കും. യാത്രക്കാര്‍ക്ക് വേണ്ടി ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും. ബഡ്സ് സ്കൂളിന്‍െറ റിഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് 20 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും. താലൂക്ക് ആശുപത്രിയില്‍ മതിയായ സ്റ്റാഫുകളെ നിയമിക്കണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പള്ളിക്കര കറുത്ത ഗേറ്റ് റോഡിന് സമീപത്തെ മൊത്ത വ്യാപാര അരി ഗോഡൗണിലെ പ്രാണിശല്യത്തെക്കുറിച്ച് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളില്‍ മന്തുരോഗവും പനിയും പടരാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനന്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ. ഹരീഷും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.