കാസര്‍കോട്: ജില്ലയിലെ തെരുവുനായ പ്രജനനം നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഊര്‍ജിത വന്ധ്യംകരണ ബൃഹത് പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍. ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കടക്കം തെരുവുനായ്ക്കളുടെ കടിയേറ്റ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് വന്ധ്യംകരണ പരിപാടി ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. 1.31 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ അഞ്ച് ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപയും ബ്ളോക് പഞ്ചായത്ത് നാല് ലക്ഷം രൂപയും ഇതിനായി നീക്കിവെക്കും. ജില്ലയിലെ ആറ് ബ്ളോക്കുകള്‍ കേന്ദ്രീകരിച്ച് കൂടൊരുക്കി നായ്ക്കളെ വന്ധ്യംകരണം നടത്താനാണ് തീരുമാനം. ബംഗളൂരു കേന്ദ്രമാക്കിയുള്ള എന്‍.ജി.ഒ സംഘടനകളുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. ഒരു നായയെ വന്ധ്യംകരണം നടത്താനുള്ള വാക്സിന് മാത്രം 400 മുതല്‍ 600 രൂപ വരെ ആകും. ഒരു നായയെ വന്ധ്യംകരിക്കാന്‍ വാക്സിനും ശമ്പളവുമടക്കം ഏകദേശം 1400 രൂപ ചെലവ് വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഊര്‍ജിത വന്ധ്യം കരണ പരിപാടി നടപ്പാക്കാന്‍ മൂന്നോളം കമ്പനികളുടെ ടെന്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഈ മാസം 15 ന് ടെന്‍ഡര്‍ പരിശോധിച്ചശേഷം പദ്ധതിക്ക് ക്ളീന്‍ ചിറ്റ് നല്‍കും. തെരുവുനായകളുടെ വന്ധ്യംകരണം നടത്താന്‍ നേരത്തേ പല പദ്ധതികളും ജില്ലാ പഞ്ചായത്ത് നടത്തിയിരുന്നു. എന്നാല്‍, മൃഗഡോക്ടറെ കിട്ടാനില്ലാത്തത് കൊണ്ട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 27ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് കാസര്‍കോട് ജില്ലക്ക് വേണ്ടി പ്രത്യേകമായി പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ റിട്ട. മൃഗ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിജയകരമായി വന്ധ്യംകരണ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍, മറ്റുജില്ലകളില്‍ ഡോക്ടര്‍മാരെ കിട്ടാത്ത സാഹചര്യത്തിലാണ് എന്‍.ജി.ഒയുമായി കരാറിലേര്‍പ്പെടാന്‍ ധാരണയായത്. ദിവസവും 400 നായകളെ വന്ധ്യംകരിക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞതായി എ.ജി.സി. ബഷീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.