കാഷ്ലെസ്സാവാന്‍ കുറ്റിക്കോല്‍ ടൗണ്‍

ബേഡകം: കറന്‍സി നിരോധനത്തെ തുടര്‍ന്ന് നാടെങ്ങും പ്രതിസന്ധി നേരിടുമ്പോള്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് ചുവടുവെക്കുകയാണ് കുറ്റിക്കോല്‍. ടൗണിലെ കടകളും വാഹനങ്ങളും ഉള്‍പ്പെടെ അമ്പതോളം കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ പണം സ്വീകരിക്കാന്‍ സംവിധാനമായി. പച്ചക്കറിക്കട, ഹോട്ടല്‍, ബേക്കറി, തുണിക്കട, പലചരക്കുകട, ഇലക്ട്രിക്കല്‍ ഷോപ്പുകള്‍, മൊബൈല്‍ കടകള്‍, കൂള്‍ബാറുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, പൂജാ സ്റ്റോര്‍, സ്റ്റുഡിയോ, മലഞ്ചരക്ക് വ്യാപാരം, മെഡിക്കല്‍ സ്റ്റോര്‍, കേബിള്‍ ടി.വി സ്ഥാപനം, ഫാന്‍സി ഷോപ് എന്നിങ്ങനെ നിരവധിയിടങ്ങളിലാണ് ഡിജിറ്റല്‍ മണി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങിയത്. ജീപ്പുകളിലും ഓട്ടോകളിലും ഡിജിറ്റലായി പണം വാങ്ങിത്തുടങ്ങി. പേ ടി.എം, എസ്.ബി.ടി ബഡി എന്നീ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ വഴി പണവിനിമയം നടത്താനുള്ള സൗകര്യമാണ് ഇവിടങ്ങളില്‍ ഒരുക്കിയത്. പണം സ്വീകരിക്കേണ്ട കേന്ദ്രത്തിലെ കോഡ് ഉപഭോക്താവിന്‍െറ സ്മാര്‍ട്ട് ഫോണില്‍ സ്കാന്‍ ചെയ്തോ സ്ഥാപനത്തിന്‍െറ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയോ നിമിഷനേരംകൊണ്ട് ഉപഭോക്താവിന് ഓണ്‍ലൈനായി അക്കൗണ്ടിലെ പണം നല്‍കാന്‍ കഴിയും. കുറ്റിക്കോല്‍ എ.യു.പി സ്കൂള്‍ അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ആര്‍. സാനുവാണ് ഡിജിറ്റല്‍മണി സാക്ഷരത വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൈകീട്ട് മുതല്‍ രാത്രി ഒമ്പതുവരെ ഡിജിറ്റല്‍ മണി ബോധവത്കരണത്തിന് ഇദ്ദേഹം സമയം കണ്ടത്തെുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളും ബോധവത്കരണം നടത്തി. രണ്ടാഴ്ചകൊണ്ടാണ് ഇത്രയും സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍മണി സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. സ്ഥാപനങ്ങള്‍ക്കും നൂറോളം സാധാരണജനങ്ങള്‍ക്കും രണ്ടാഴ്ചകൊണ്ട് ഡിജിറ്റല്‍ പണവിനിമയത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. സൗകര്യം ഏര്‍പ്പെടുത്തിയ മിക്ക കേന്ദ്രങ്ങളിലും വിനിമയത്തിന് തയാറായി ഉപഭോക്താക്കള്‍ വരുന്നുണ്ട്. നെറ്റ് ബാങ്കിങ്ങിലും ആവശ്യമായ പരിശീലനവും സഹായവും നല്‍കുന്നു. ഡിസംബര്‍ 31ന് മുമ്പ് കുറ്റിക്കോല്‍ ടൗണിലെ സ്മാര്‍ട്ട് ഫോണ്‍ സൗകര്യമുള്ള മുഴുവന്‍ കടകളിലും വാഹനങ്ങളിലും ഡിജിറ്റല്‍ പണവിനിമയ സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ജനുവരി മുതല്‍ പൊതുജനങ്ങളെ ഡിജിറ്റല്‍മണി വിനിമയത്തിന് സജ്ജരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കുറ്റിക്കോല്‍ പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും ഡിജിറ്റല്‍പണം സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.