കര്‍ഷകര്‍ക്ക് മാന്യമായ സ്ഥാനം ഉറപ്പാക്കണം –മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉറപ്പാക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനും ഫലപ്രദമായി ഇടപെടാന്‍ സാധിച്ചാല്‍ കേരളത്തിന്‍െറ കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധികളും തരണം ചെയ്യുന്നതിന് കര്‍ഷകരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നവകേരള മിഷന്‍ ഹരിതകേരളം പദ്ധതിയില്‍ നെല്‍കൃഷി സംരക്ഷിക്കുന്നതിനും തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ കാരാട്ട് വയല്‍ തരിശുരഹിതമാക്കുന്നതിനുള്ള ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചത് കൃഷി നഷ്ടമായപ്പോഴാണ്. അതിന് ആരെയും കുറ്റപ്പെടുത്താനാവില്ല. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തും. ഉല്‍പാദനത്തിനും സംഭരണത്തിനും വിപണനത്തിനും കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹായം ഉറപ്പുവരുത്താന്‍ സാധിക്കണം. ഹരിതകേരള മിഷന്‍െറ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായാണ് സംസ്ഥാനത്തുടനീളം ജനങ്ങള്‍ വരവേല്‍ക്കുന്നത്. ഇത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്. കേരളത്തെ പച്ചപ്പുതപ്പണിയിക്കാനുള്ള യജ്ഞത്തില്‍ ഒരേ മനസ്സോടെയാണ് എല്ലാവരും പങ്കാളികളാകുന്നത്. വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിന് യുവജനങ്ങള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യധാന്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാരാട്ട് വയലില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ഫീല്‍ഡ് ഓഫിസര്‍ പ്രേമവല്ലി പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ, സ്ഥിരം സമിതി അധ്യക്ഷ ഗംഗാ രാധാകൃഷ്ണന്‍, എം.പി. ജാഫര്‍, ടി.പി. ഭാഗീരഥി, മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ എം. ബലരാജ്, കെ. മുഹമ്മദ്കുഞ്ഞി, സി.കെ. വത്സലന്‍, എം.എം. നാരായണന്‍, എച്ച്. ശ്രീധര, കൃഷി വര്‍ക്കിങ് ചെയര്‍മാന്‍ കെ. സന്തോഷ്, കര്‍മസേന സെക്രട്ടറി സി. അനീഷ്, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ സ്വാഗതവും കൃഷി അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫിസര്‍ ദിനേശന്‍ നന്ദിയും പറഞ്ഞു. കര്‍മസേനയുടെ ഉപഹാരമായി നെല്‍ക്കതിര്‍ക്കുല മന്ത്രിക്ക് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.