കുത്തേറ്റ് മരിച്ച യുവാവിന് നാടിന്‍െറ വിട

കാസര്‍കോട്: ബോവിക്കാനത്ത് ഫുട്ബാള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കുത്തേറ്റുമരിച്ച പൊവ്വല്‍ ഗവ. യു.പി സ്കൂളിന് സമീപത്തെ യൂസഫിന്‍െറ മകന്‍ അബ്ദുല്‍ഖാദറിന്‍െറ (19) മൃതദേഹം പൊവ്വല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ദേഹത്ത് കുത്തേറ്റ മൂന്നു മുറിവുകളാണുണ്ടായിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രി ഗള്‍ഫിലേക്ക് പോകാന്‍ തയാറെടുത്തിരിക്കെയാണ് വൈകീട്ട് അബ്ദുല്‍ഖാദര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ കുത്തേറ്റ മറ്റു രണ്ട് യുവാക്കള്‍ മംഗളൂരുവില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷത്തിനിടെ അബ്ദുല്‍ഖാദറിനെ കുത്തിക്കൊലപ്പെടുത്തുകയും സുഹൃത്തുക്കളെ കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ബോവിക്കാനം മുതലപ്പാറയിലെ നസീറിനും മറ്റുള്ളവര്‍ക്കുമെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പ്രതികളെ കണ്ടത്തൊനായില്ല. കൂടുതല്‍പേരെ പ്രതിചേര്‍ക്കപ്പെടുമെന്നാണ് സൂചന. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വിമാനത്താവളങ്ങളില്‍ ഇയാളുടെ ഫോട്ടോയും വിശദവിവരങ്ങളും പൊലീസ് കൈമാറിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുളിയാര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗിന്‍െറ ആഹ്വാനപ്രകാരം നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു. ഓട്ടോകളും സര്‍വിസ് നടത്തിയില്ല. അതേസമയം, ബസുകള്‍ പതിവുപോലെ സര്‍വിസ് നടത്തി. സ്വകാര്യവാഹനങ്ങള്‍ക്കും തടസ്സമുണ്ടായില്ല. പൊവ്വല്‍, ബോവിക്കാനം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.