ഘടകകക്ഷികളെ ക്ഷണിച്ചില്ളെന്ന്: സബ് സ്റ്റേഷന്‍ ഉദ്ഘാടനം; യു.ഡി.എഫ് വിട്ടുനിന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെയും അജാനൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ തീരദേശത്തെയും ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ച ദുരിതത്തിന് വിരാമമിട്ട് നടന്ന 33 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍നിന്ന് യു.ഡി.എഫ് വിട്ടുനിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ലീഗ് നേതാവ് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം. അസിനാര്‍ എന്നിവരാണ് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. യു.ഡി.എഫിലെ ഘടകകക്ഷികളെ പരിപാടികള്‍ക്ക് ക്ഷണിച്ചില്ളെന്നതിനാലാണ് ചടങ്ങില്‍നിന്ന് യു.ഡി.എഫ് വിട്ടുനിന്നത്. നിയമസഭയില്‍ അംഗത്വമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കുകയുള്ളൂവെന്ന് നേരത്തെ വൈദ്യുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇടതു മുന്നണിയോടൊപ്പം നില്‍ക്കുന്ന ചെറുപാര്‍ട്ടികളിലെ പ്രതിനിധികള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കി. സി.എം.പി, ആര്‍.എസ്.പി, ജനതാദള്‍ തുടങ്ങിയ യു.ഡി.എഫ് ഘടകകക്ഷികളെ പൂര്‍ണമായും അവഗണിച്ചപ്പോള്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറിയ സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം, ജനതാദള്‍ (ബി), ജനതാദള്‍ (എസ്) തുടങ്ങിയ കക്ഷികള്‍ക്ക് പരിഗണന കിട്ടി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, സി.പി.ഐയുടെ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം. അസിനാര്‍, ബി.ജെ.പി സെക്രട്ടറി എ. വേലായുധന്‍ എന്നിവര്‍ക്ക് പുറമെ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളായ സ്റ്റീഫന്‍ ജോസഫ്, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗത്തിന്‍െറ ജ്യോതിബസു, ഐ.എന്‍.എല്‍ പ്രതിനിധി അസീസ് കടപ്പുറം, കോണ്‍ഗ്രസ് എസിന്‍െറ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജനതാദള്‍ (ബി)യുടെ നന്ദകുമാര്‍, എന്‍.സി.പിയുടെ പ്രമോദ് കരുവളം, ജനതാദള്‍ എസിലെ പി.പി. രാജു എന്നിവര്‍ക്കാണ് ഒൗദ്യോഗിക ക്ഷണം ലഭിച്ചത്. യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെ പാടേ തഴഞ്ഞുവെന്നാണ് ആരോപണം. പ്രോട്ടോകോള്‍ പ്രകാരം ആദ്യം അച്ചടിക്കേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീറിന്‍െറ പേര് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന് താഴെ അച്ചടിച്ച് അപമാനിച്ചുവെന്നും യു.ഡി.എഫ് പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.