സമ്പൂര്‍ണ വൈദ്യുതീകരണം: അവലോകനയോഗം ചേര്‍ന്നു: ജില്ലയില്‍ 4924 വീടുകള്‍ വൈദ്യുതീകരിക്കണം

കാസര്‍കോട്: ജില്ലയില്‍ 4924 ഭവനങ്ങളാണ് വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ളതെന്ന് ജില്ലാ ഭരണകൂടം. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ മണ്ഡലംതലത്തിലും പഞ്ചായത്ത് തലത്തിലും നടന്ന യോഗങ്ങളുടെ റിപ്പോര്‍ട്ട് വൈദ്യുതിവകുപ്പിന്‍െറ പ്രാദേശികതലത്തിലെ അവലോകന റിപ്പോര്‍ട്ട്, ജനപ്രതിനിധികളുടെ സമഗ്രപഠനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍െറ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയുടെ ചുമതലയുള്ള മന്ത്രി ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ സമിതി ജില്ലാതലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്‍െറ മേല്‍നോട്ടം വഹിക്കണമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത്, നഗരസഭാതലത്തില്‍ അതത് പഞ്ചായത്ത് പ്രസിഡന്‍റുമാരും നഗരസഭാ ചെയര്‍മാന്മാരുമായിരിക്കും സമിതിയുടെ അധ്യക്ഷന്മാര്‍. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാപഞ്ചായത്ത്, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ ഉണ്ടാകണം. യോഗംചേരാന്‍ ബാക്കിയുള്ള തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ യോഗംചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളണമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ നാലിന് വാര്‍ഡ്തല സര്‍വേ നടത്തണം. ഒമ്പതിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 20ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 25ന് എസ്റ്റിമേറ്റ് എടുക്കണം. കോളനികളില്‍ എസ്.സി-എസ്.ടി പ്രമോട്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. എം.പി, എം.എല്‍.എ ഫണ്ടുകള്‍, അടിസ്ഥാന വികസനഫണ്ട്, എസ്.സി-എസ്.ടി വികസനഫണ്ട്, പഞ്ചായത്ത് വിഹിതം എന്നിവ മുഖേനയാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിന്‍െറ തുക കണ്ടത്തെുന്നത്. ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുകയാണ് ഉദ്ദേശ്യം എന്നതിനാല്‍ നമ്പറില്ലാത്ത വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്‍കിയും വൈദ്യുതീകരണം നടപ്പാക്കണം. ഇക്കാര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ സത്വര ശ്രദ്ധയുണ്ടാകണം. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലുള്ള റവന്യൂമന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍െറ ഏറ്റവും പ്രധാനപ്പെട്ട നയമാണിത്. വനാന്തരങ്ങളിലും ഏറ്റവും ഉള്‍പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും വെളിച്ചം ലഭ്യമാക്കണം. കൃത്യമായ മോണിറ്ററിങ്ങും നടത്തണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ നിലവിലുള്ള വൈദ്യുതി പ്രശ്നങ്ങളും യോഗം അവലോകനംചെയ്തു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, എം. രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.