ചീമേനിയില്‍ 440 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിക്കും –മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: ചീമേനിയില്‍ 440 കെ.വി വൈദ്യുതി സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതിനല്‍കിയതായി വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്‍െറ കാഞ്ഞങ്ങാട് ടൗണ്‍ 33 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയിലെ വൈദ്യുതിപ്രശ്നത്തിന് പരിഹാരംകാണാന്‍ സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കും. അഞ്ചു വര്‍ഷംകൊണ്ട് മറ്റ് ജില്ലകളിലേതുപോലെ ഊര്‍ജമേഖലയില്‍ കാസര്‍കോടിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. 440 കെ.വി സബ്സ്റ്റേഷന് 2050 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വയനാടില്‍നിന്നും കര്‍ണാടകയില്‍നിന്നും ഇവിടേക്ക് വൈദ്യുതിലൈന്‍ വലിക്കണം. വൈദ്യുതിലൈന്‍ വലിക്കുമ്പോള്‍ അനാവശ്യ ഉത്കണ്ഠ സൃഷ്ടിച്ച് പദ്ധതി മുടക്കുന്നസാഹചര്യം ഉണ്ടാവരുത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുസമൂഹത്തിന്‍െറ പിന്തുണ അനിവാര്യമാണ്. സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ കിഫ്ബിയില്‍ ഇതിനായി പണം നീക്കിവെച്ചിട്ടുണ്ട്. ജില്ലയില്‍ പ്രവൃത്തികള്‍ വൈകുന്നതിനുകാരണം പദ്ധതിനടത്തിപ്പിലെ കാര്യക്ഷമതയില്ലായ്മയാണ്. ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. റവന്യൂമന്ത്രിയുടെ നിര്‍ദേശം പരിഗണിച്ച് ജില്ലക്ക് ട്രാന്‍സ്മിഷന്‍ സര്‍ക്ള്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കുറ്റിക്കോല്‍ സെക്ഷനില്‍ പ്രവൃത്തിക്കിടെ മരിച്ച കരാര്‍ തൊഴിലാളി രാജീവന്‍െറ രക്ഷിതാക്കള്‍ക്ക് 8,41,000 രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണംചെയ്തു. ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍, റംഷീദ് ഹോസ്ദുര്‍ഗ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി. സതീഷ്ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പ്രമോദ് കരുവളം, എ. വേലായുധന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അസീസ് കടപ്പുറം, പി.ടി. നന്ദകുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ രാഘവന്‍ വെളുത്തോളി, യൂസഫ് ഹാജി എന്നിവര്‍ പങ്കെടുത്തു. കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ സ്വാഗതവും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ജോര്‍ജ്കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.