കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ചയില്‍ സ്വര്‍ണ വ്യാപാരിയുടെ ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസില്‍ ഫുട്ബാള്‍ താരം അറസ്റ്റില്‍. കൂത്തുപറമ്പ് പാലത്തുങ്കരയിലെ എന്‍.കെ. മൃദുലിനെയാണ് (23) വിദ്യാനഗര്‍ സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയില്‍ കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ ഉള്‍പ്പെട്ടതായും മൃദുല്‍ പൊലീസിനോട് വെളിപ്പെടുത്തി. കൂത്തുപറമ്പിലെ റെനിലും സ്വര്‍ണവ്യാപാരിയുടെ ഡ്രൈവര്‍ പ്രജീഷുമാണ് പണം തട്ടാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇവരെ കൂടാതെ കൂത്തുപറമ്പിലെ സൂരജ്, മറ്റൊരു ഫുട്ബാള്‍ താരം ടുട്ടു എന്നിവരും ഒപ്പമുണ്ടായിരുന്നതായി മൃദുല്‍ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പുണെയിലും തലശ്ശേരിയിലുമായി ജ്വല്ലറി വര്‍ക്സ് നടത്തുന്ന പുണെ സ്വദേശി കദം വികാസിന്‍െറ പണമാണ് കൊള്ളയടിച്ചത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചു മണിയോടെ ചെര്‍ക്കള ബേവിഞ്ച വളവിന് സമീപത്തുവെച്ചായിരുന്നു കവര്‍ച്ച. പണവുമായി പുണെയില്‍നിന്നും വരുകയായിരുന്ന വികാസിന്‍െറ എര്‍ട്ടിഗ കാര്‍ മറ്റൊരു കാര്‍കൊണ്ട് ഇടിച്ച് നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് കള്ളത്തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചു. വികാസിന്‍െറ അടുത്ത സൃഹൃത്തായ പുണെയിലെ ഗണേശും ഇയാളുടെ ഡ്രൈവര്‍ കൂത്തുപറമ്പിലെ പ്രജീഷും ചേര്‍ന്നാണ് വികാസിനെ തലശ്ശേരി ഭാഗത്തേക്ക് കൊണ്ടുവന്നിരുന്നത്. പ്രജീഷ് തന്നെയാണ് പണം കൊണ്ടുവരുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ഫുട്ബാള്‍ താരം കൂടിയായ മൃദുല്‍ ബംഗളൂരുവില്‍ കാന്‍റീന്‍ നടത്തിവരുകയാണ്. ആഗസ്റ്റ് ആറിന് വൈകീട്ട് വീടിനു സമീപത്തെ മൈതാനിയില്‍ ജഴ്സിയണിഞ്ഞ് കളിക്കാനത്തെിയപ്പോഴാണ് സുഹൃത്ത് ടുട്ടു കൊള്ളയടിക്കാനുള്ള പദ്ധതിയുമായി തന്നെ സമീപിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഹവാല പണം കൊണ്ടുവരുന്നുണ്ടെന്നും അത് തട്ടിയെടുത്ത് എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നും ടുട്ടുവാണ് അറിയിച്ചതത്രെ. ഏഴിന് വാടകക്കെടുത്ത റിറ്റ്സ് കാറില്‍ അഞ്ചുപേര്‍ തലപ്പാടിയിലത്തെുകയും പണവുമായി വരുകയായിരുന്ന കാറിനെ പിന്തുടരുകയുമായിരുന്നു. പല സ്ഥലത്തുവെച്ചും കൊള്ളക്കായി നീങ്ങിയെങ്കിലും സുരക്ഷിതമല്ലാത്തതിനാല്‍ ചെര്‍ക്കളയില്‍ എത്തിയപ്പോഴാണ് പണം തട്ടിയത്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, പി. രഘൂത്തമന്‍, സത്യന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.