ജീവനക്കാരുടെ തൊഴില്‍ക്രമീകരണ സ്ഥലംമാറ്റം റദ്ദാക്കണം –ജില്ലാ വികസനസമിതി

കാസര്‍കോട്: ജില്ലയിലെ വിവിധ വകുപ്പുകളില്‍നിന്ന് തൊഴില്‍ക്രമീകരണത്തിന്‍െറ ഭാഗമായി ഇതരജില്ലകളിലേക്ക് സ്ഥലംമാറിയ സര്‍ക്കാര്‍ജീവനക്കാരുടെ വിവരങ്ങള്‍ അടിയന്തരമായി ജില്ലാതലത്തില്‍ ശേഖരിക്കുന്നതിനും ഈ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദ് ചെയ്ത് ജില്ലയില്‍തന്നെ ജോലിയില്‍ നിയമിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജനപ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്. ഉദ്യോഗസ്ഥക്ഷാമം ജില്ലയില്‍ രൂക്ഷമാകുമ്പോഴും സ്ഥലംമാറിവരുന്ന ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ പോവുകയാണ്. ആ തസ്തികയില്‍ പകരംനിയമനത്തിനും സാധിക്കുന്നില്ല. ഇങ്ങനെ സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥരുടെ തസ്തികകള്‍പോലും ജില്ലക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രഭാകരന്‍കമീഷന്‍ റിപ്പോര്‍ട്ടില്‍ ജില്ലയില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തേക്ക് വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ സ്ഥലംമാറ്റം നല്‍കരുതെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ മൂന്നിനകം ഇതരജില്ലകളിലേക്ക് സ്ഥലംമാറിയ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ജില്ലാ പ്ളാനിങ് ഓഫിസര്‍ക്ക് ലഭ്യമാക്കുന്നതിനും ജില്ലാ കലക്ടര്‍ മുഴുവന്‍ ജില്ലാതല മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുമ്പള കൊടിയമ്മ ഗവ. യു.പി സ്കൂളിലെ എട്ട് അധ്യാപകര്‍ സ്ഥലംമാറി പോയതിനു പകരംനിയമനം നടത്താത്തത് അധ്യയനത്തെ ബാധിച്ചതായി ജനപ്രതിനിധികള്‍ പറഞ്ഞു. കീഴൂര്‍ അഴിമുഖത്ത് പുലിമുട്ടില്‍ തട്ടി മത്സ്യബന്ധന ബോട്ടുകള്‍ തകരുകയും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെടുകയും ചെയ്ത സാഹചര്യത്തില്‍ ഡ്രഡ്ജിങ് ത്വരിതപ്പെടുത്താന്‍ യോഗം നിര്‍ദേശം നല്‍കി. ബാവിക്കര റെഗുലേറ്റര്‍ നിര്‍മാണത്തിന് പുതിയ പഠനത്തിനുള്ള നടപടികള്‍ തുടരണം. തകര്‍ന്ന മാടക്കാല്‍ തൂക്കുപാലത്തിന്‍െറ അവശിഷ്ടങ്ങള്‍ നീക്കണം. ഉദുമ നിയോജകമണ്ഡലത്തില്‍ എം.എല്‍.എ ഫണ്ടില്‍ അനുവദിച്ച അഞ്ചു ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ചീമേനി വില്ളേജിലെ കൈവശക്കാരുടെ പട്ടയപ്രശ്നം, തിമിരി വില്ളേജില്‍ മിച്ചഭൂമി കൈമാറ്റം ചെയ്തവരില്‍നിന്ന് നികുതി സ്വീകരിക്കാത്ത പ്രശ്നം എന്നിവയും യോഗത്തില്‍ ഉന്നയിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വനത്തോടുചേര്‍ന്നുള്ള ജനവാസമേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ കോണ്‍വെന്‍റ് ജങ്ഷന്‍വരെയുള്ള പൊതുമരാമത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.