എക്സ്റേ യൂനിറ്റ് നിലച്ചിട്ട് അഞ്ചുവര്‍ഷം; സ്കാനിങ്ങിന് യന്ത്രമില്ല

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ചികിത്സ, പരിശോധനാ സംവിധാനങ്ങള്‍ രോഗികള്‍ക്ക് പ്രയോജനപ്പെടാതെ നിശ്ചലമാകുന്നു. 2011ല്‍ പ്രവര്‍ത്തനം നിലച്ച എക്സ്റേ യൂനിറ്റ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തന ക്ഷമമാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഡെങ്കിപ്പനി ബാധിതര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ ചികിത്സക്ക് പ്രയോജനപ്പെടുത്തേണ്ട രക്തത്തിലെ പ്ളേറ്റ്ലറ്റുകള്‍ തരം തിരിക്കുന്ന യന്ത്രം കൊണ്ടുവന്ന് ഒരുവര്‍ഷത്തിലേറെയായിട്ടും പ്രവര്‍ത്തിപ്പിക്കാനായില്ല. അള്‍ട്രാ സൗണ്ട് സ്കാനിങ്ങിനും പുറത്തെ സ്വകാര്യ സ്ഥാപനങ്ങളാണ് ആശ്രയം. എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കാലപ്പഴക്കം കാരണം തകര്‍ന്നതിനാല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന യന്ത്രങ്ങള്‍ 2011ല്‍ അഴിച്ചമാറ്റി വെച്ചതായാണ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നല്‍കിയ മറുപടി. തകര്‍ന്നതായി പറയുന്ന കെട്ടിടം അതേപടി തുടരുന്നു. പകരം പുതിയൊരു മുറി സജ്ജമാക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോഴൊക്കെ ‘നടപടി സ്വീകരിച്ചു വരുകയാണ് ’എന്ന റെഡിമെയ്ഡ് മറുപടിയാണ് ആശുപത്രി അധികൃതര്‍ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാനുള്ളത്. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ജില്ലയിലെ ഏക റഫറല്‍ കേന്ദ്രമാണ് ജനറല്‍ ആശുപത്രി. എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടേക്കത്തെുന്ന രോഗികളെ പരിശോധനക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കുറിപ്പ് നല്‍കി അയക്കുകയാണ് ചെയ്യുന്നത്. സമഗ്ര ആദിവാസി ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ കിരണം, ആര്‍.എസ്.ബി.വൈ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്ക് പുറത്തു നിന്ന് എക്സ്റേ എടുക്കുന്നതിന് ചെലവായ തുക ആശുപത്രിയില്‍നിന്ന് തിരികെ നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ബ്ളഡ് കംപോണന്‍റ് സെപറേഷന്‍ യൂനിറ്റിലേക്കുള്ള ലക്ഷങ്ങള്‍ വിലയുള്ള യന്ത്രഭാഗങ്ങള്‍ രക്ത ബാങ്കിന്‍െറ മൂലയില്‍ വെച്ചിരിക്കയാണ്. ഇത് ഉപയോഗിക്കാത്തതിനാല്‍ കേടുവരാനും അറ്റകുറ്റപ്പണിക്ക് വന്‍ തുക ചെലവ് വരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ ബ്ളഡ് ബാങ്കില്‍ സ്ഥല സൗകര്യം ലഭ്യമാകാത്തതിനാല്‍ പി.പി. യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലത്ത് ബ്ളഡ് കംപോണന്‍റ് സെപറേഷന്‍ യൂനിറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് എം.എല്‍.എക്ക് മന്ത്രിയില്‍നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നത്. നൂറുകണക്കിന് സ്ത്രീകള്‍ ചികിത്സക്ക് ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭിണികളുടെ പരിശോധനക്ക് അത്യാവശ്യമായ അള്‍ട്രാ സൗണ്ട് സ്കാനിങ് യന്ത്രമില്ല. അതിനും നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് ഡോക്ടര്‍മാര്‍ പറഞ്ഞയക്കുന്നത്. അതിനിടെ, കാസര്‍കോട്ടെയും മംഗളൂരുവിലെയും സ്വകാര്യ സ്കാനിങ്, എക്സ്റേ സ്ഥാപനങ്ങളില്‍നിന്ന് ചില ഡോക്ടര്‍മാര്‍ കമീഷന്‍ കൈപ്പറ്റുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ അഞ്ചോളം സ്വകാര്യ സ്കാനിങ് സ്ഥാപനങ്ങളും 15 ഓളം സ്വകാര്യ ലാബുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരുടെ കൈക്കൂലിക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴാണ് കമീഷന്‍ ഇടപാടിനെതിരെയും പരാതികളുയരുന്നത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുറപോലെ യോഗം ചേരാറുണ്ടെങ്കിലും ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ളെന്ന പരാതിയും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.