കഞ്ചാവുകടത്തിന് ഉപയോഗിക്കുന്നത് വാടകക്കും സൗഹൃദം മുതലെടുത്തും വാങ്ങുന്ന വാഹനങ്ങള്‍

മഞ്ചേശ്വരം: വാടകക്കും സൗഹൃദം മുതലെടുത്തും വാങ്ങുന്ന വാഹനങ്ങള്‍ കഞ്ചാവുകടത്തിന് ഉപയോഗിച്ച് കഞ്ചാവ് മാഫിയകള്‍ വന്‍ സാമ്പത്തികനേട്ടം കൊയ്യുമ്പോള്‍ ഇരയാകുന്നത് വാഹന ഉടമകള്‍. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തില്‍ ഉപ്പളയില്‍നിന്നുമാത്രം കഞ്ചാവ് മാഫിയകളുടെ കെണിയില്‍വീണത് നിരവധിപേരാണ്. വാടകക്ക് വാങ്ങുന്ന വാഹനങ്ങളാണ് മിക്കവരും കഞ്ചാവുകടത്തിന് ഉപയോഗിക്കുന്നതെന്ന് നേരത്തേ പൊലീസ് കണ്ടത്തെിയിരുന്നു. 5000 മുതല്‍ 10,000 രൂപവരെ നിരക്കില്‍ ഒരാഴ്ചത്തേക്ക് കല്യാണം, ടൂര്‍ എന്നീ ആവശ്യങ്ങളുടെ പേരില്‍ വാങ്ങുന്ന ആഡംബരക്കാറുകളിലാണ് മിക്കവരും കഞ്ചാവ് കടത്തുന്നത്. ഇത് പിടിക്കപ്പെട്ടാല്‍ വാഹന ഉടമക്ക് ഭീമമായ സാമ്പത്തികനഷ്ടത്തിന് പുറമേ കേസും നിയമപ്രശ്നവും നേരിടേണ്ടിവരുന്നു. ഇത്തരത്തില്‍ കഞ്ചാവ് മാഫിയകളുടെ കെണിയില്‍പെട്ട അവസാനത്തെ ഇരയാണ് സാമൂഹികപ്രവര്‍ത്തകനും മംഗല്‍പാടി പൗരസമിതി ജനറല്‍ സെക്രട്ടറിയുമായ കെ.എഫ്. ഇഖ്ബാല്‍ ഉപ്പള. കഴിഞ്ഞയാഴ്ച മംഗളൂരുവില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ ഉപ്പള സ്വദേശിയില്‍നിന്ന് 52 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവുകടത്തിന് ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് പിടികൂടിയിരുന്നു. കെ.എഫ്. ഇഖ്ബാലിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ഈ ഇന്നോവ കാര്‍. ഇദ്ദേഹത്തിന്‍െറ അടുത്തബന്ധു ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കാര്‍ കൊണ്ടുപോയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെ തുടര്‍ന്ന് ഇഖ്ബാലിനെ രണ്ടുതവണ ചോദ്യം ചെയ്യുകയും കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വാഹനം വിട്ടുകിട്ടുന്നതിന് 10 ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെക്കാനാണ് കോടതിനിര്‍ദേശം. കേസില്‍ വിധി വരുന്നതുവരെ വാഹനമോ ജാമ്യവസ്തുവോ ക്രയവിക്രയം ചെയ്യാനോ പാടില്ളെന്നും വ്യവസ്ഥവെച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നോളം കേസുകളാണ് ഇത്തരത്തില്‍ വാഹന ഉടമകള്‍ക്ക് നേരിടേണ്ടിവന്നത്. ഉപ്പള കൈക്കമ്പയിലെ മൊബൈല്‍ കടയുടമ ഷിഹാബിനെ (28) സമാനരീതിയില്‍ ബൈക്ക് വാടകക്ക് കൊണ്ടുപോയി കഞ്ചാവ് കടത്തുന്നതിനിടയില്‍ മംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ബൈക്ക് ഇതുവരെ ഉടമക്ക് വിട്ടുകിട്ടിയിട്ടില്ല. ഉപ്പള ബസ്സ്റ്റാന്‍ഡിന് സമീപത്തെ വാഹനം വാടകക്ക് നല്‍കുന്ന ഫാന്‍സി കടക്കാരനും സമാനരീതിയില്‍ ദുരനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്. സര്‍ക്കാര്‍ ലൈസന്‍സ് ഇല്ലാത്തവരാണ് അനധികൃതമായി കൂടുതലും വാഹനം വാടകക്ക് നല്‍കുന്നത്. അതിനാല്‍ വാഹനം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ രേഖപ്രകാരം സൂക്ഷിച്ചുവെക്കാന്‍ സാധിക്കാത്തതും ഇവര്‍ക്ക് വിനയാകുന്നു. അനധികൃതമായി വാടകക്ക് നല്‍കുന്ന വാഹനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ ജില്ലാ പൊലീസ് ചീഫ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഇത് ഗൗനിച്ചില്ളെന്നതിന്‍െറ ഉദാഹരണമാണ് പിടികൂടുന്ന കഞ്ചാവ് കേസുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.