ഒന്നുകില്‍ പുതിയ കെട്ടിടം തുറക്കണം അല്ളെങ്കില്‍, പഴയ കെട്ടിടത്തെ ചികിത്സിക്കണം

കുമ്പള: മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയകേന്ദ്രമായ മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം അപകടാവസ്ഥയില്‍. കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്നുവീഴുന്ന കെട്ടിടം രോഗികളുടെയും ജീവനക്കാരുടെയും ജീവനുതന്നെ ഭീഷണിയാവുകയാണ്. പി.എച്ച്.സിക്കായി പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനം നീളുകയാണ്. ദിവസവും നിരവധി രോഗികള്‍ ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. രോഗികളെക്കാള്‍ ചികിത്സ ആവശ്യം ആശുപത്രി കെട്ടിടത്തിനാണെന്ന് നാട്ടുകാര്‍ പറയുന്നു. യു.ഡി.എഫ് ഭരണകാലത്ത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.എല്‍.എ സി.ടി. അഹമ്മദലി എന്നിവരുടെ ശ്രമഫലമായി പ്രഭാകരന്‍ കമീഷന്‍െറ ശ്രദ്ധയില്‍പെടുത്തി 70 ലക്ഷം രൂപയോളം ചെലവിട്ടാണ് പി.എച്ച്.സിക്ക് പുതിയ കെട്ടിടം പണിതത്. ഈ കെട്ടിടം ബന്ധപ്പെട്ട വകുപ്പിന് കൈമാറാത്തതുമൂലമാണ് ഉദ്ഘാടനം നീളുന്നതെന്ന് അധികൃതര്‍ പറയുന്നു. പി.എച്ച്.സിയുടെ പുതിയ കെട്ടിടം തുറന്നുകൊടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് എ.എ. ജലീലിന്‍െറ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് നിവേദനം നല്‍കി. പി.എം. മുനീര്‍ ഹാജി, കെ.എ. അബ്ദുല്ലക്കുഞ്ഞി, കെ.ബി. കുഞ്ഞാമു, ഹമീദ് ബള്ളൂര്‍, മുജീബ് കമ്പാര്‍, എസ്.എച്ച്. ഹമീദ്, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, ഉസ്മാന്‍ കല്ലങ്കൈ, കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT