മംഗല്‍പാടി പഞ്ചായത്തില്‍ ലീഗിന് കേവല ഭൂരിപക്ഷം നഷ്ടമായി : സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു

മഞ്ചേശ്വരം: മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറസാഖ് ബാപ്പായ്ത്തൊട്ടി അധ്യക്ഷ സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. പഞ്ചായത്തിലെ ജനപ്രതിനിധികളെ നോക്കുകുത്തിയാക്കി ചില നേതാക്കള്‍ പിന്‍സീറ്റ് ഭരണം നടത്തുകയാണെന്നും പഞ്ചായത്തിലെ പല തീരുമാനങ്ങളും എടുക്കുന്നത് ഇവരാണെന്നും ആരോപിച്ചാണ് രാജി. ഇതിനുപുറമെ, പഞ്ചായത്ത് ഭരണസമിതിയിലെ അംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസവും രാജിക്കിടയാക്കി. പഞ്ചായത്ത് ഭരണസമിതിയിലെ പ്രധാന അംഗങ്ങള്‍ തമ്മിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കാന്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് ടി.എ. മൂസ കഴിഞ്ഞദിവസം ഉപ്പള സി.എച്ച് സെന്‍ററില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹുല്‍ഹമീദ് ബന്തിയോട്, വൈസ് പ്രസിഡന്‍റ് ജമീല സിദ്ദീഖ്, വികസന സമിതി അധ്യക്ഷന്‍ ബി.എം. മുസ്തഫ, ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ റസാഖ് ബാപ്പായ്ത്തൊട്ടി, ക്ഷേമകാര്യ സമിതി അധ്യക്ഷ പി.എം. ആയിഷത്ത് ഫാരിസ എന്നിവരുമായി ടി.എ. മൂസ നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് മണ്ഡലം പ്രസിഡന്‍റ് ടി.എ. മൂസക്ക് കൈമാറി. മംഗല്‍പാടി പഞ്ചായത്ത് 22ാം വാര്‍ഡായ ബാപ്പായ്തൊട്ടിയില്‍നിന്ന് തെരെഞ്ഞെടുക്കപ്പെട്ട അംഗമാണ് അബ്ദുറസാഖ്. ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന വാര്‍ഡില്‍ 500ഓളം വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് റസാഖ് വിജയിച്ചത്. റസാഖിന്‍െറ രാജിയെ തുടര്‍ന്ന് അമ്പത് വര്‍ഷത്തോളമായി മുസ്ലിം ലീഗ് ഒറ്റക്ക് ഭരിക്കുന്ന മംഗല്‍പാടി പഞ്ചായത്തില്‍ ഭൂരിപക്ഷം നഷ്ടമായി. 23 അംഗ പഞ്ചായത്തില്‍ മുസ്ലിം ലീഗ്11, കോണ്‍ഗ്രസ് 1, ബി.ജെ.പി 5, സ്വതന്ത്ര അടക്കം സി.പി.എം 2, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് കക്ഷി നില. ഒരു സീറ്റിന്‍െറ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്. റസാഖിന്‍െറ രാജിയോടെ യു.ഡി.എഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തിയാല്‍ മാത്രമേ ഭരണം ലീഗിന് തുടരാന്‍ കഴിയൂ. പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധി ജയിക്കുകയും കക്ഷികള്‍ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ ഒന്നിക്കുകയും ചെയ്താല്‍ ലീഗിന് ഭരണം നഷ്ടമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.