നേന്ത്രപ്പഴത്തിനും ഞാലിപ്പൂവനും തീവില

കാഞ്ഞങ്ങാട്: കാലാവസ്ഥയിലെ പ്രതികൂല വ്യതിയാനം കാരണം തമിഴ്നാട്ടില്‍നിന്നും ഗോവയില്‍നിന്നുമുള്ള നേന്ത്രപ്പഴത്തിന്‍െറയും ഞാലിപ്പൂവന്‍െറയും വരവ് പകുതിയായി കുറഞ്ഞു. ഇതോടെ വിപണിയില്‍ നേന്ത്രപ്പഴത്തിനും ഞാലിപ്പൂവനും തീവിലയായി. ഇന്നലെ കാഞ്ഞങ്ങാട്, ഉദുമ മാര്‍ക്കറ്റുകളില്‍ കിലോ 75 രൂപക്കും മൊത്തവ്യാപാരികള്‍ 72 രൂപക്കുമാണ് നേന്ത്രപ്പഴം വിറ്റത്. അതേസമയം, ഞാലിപ്പൂവന് 68 മുതല്‍ 70 രൂപവരെയാണ് വില ഈടാക്കുന്നത്. വില 75 മുതല്‍ 80വരെ ഉയരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ചില്ലറവ്യാപാരം 60ലും മൊത്തവ്യാപാരം 65ലുമായിരുന്നതാണ് ഈ രീതിയില്‍ വര്‍ധിച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള നേന്ത്രപ്പഴം തീരെ വരാതായതിനെ തുടര്‍ന്ന് പ്രാദേശിക കര്‍ഷകരില്‍നിന്നാണ് വ്യാപാരികള്‍ നേന്ത്രപ്പഴം ശേഖരിക്കുന്നത്. എന്നാല്‍, പ്രാദേശികമായും പഴകൃഷി സുലഭമല്ല. കാലവര്‍ഷം ശക്തിയായ സമയത്ത് നിരവധി വാഴകൃഷിയാണ് നശിച്ചത്. പ്രകൃതിക്ഷോഭത്തില്‍ അകപ്പെടുന്ന കൃഷിയിനങ്ങളില്‍ വാഴക്ക് സര്‍ക്കാറിന്‍െറ നഷ്ടപരിഹാരം നാമമാത്രമായതിനാല്‍ കര്‍ഷകര്‍ക്ക് വാഴകൃഷിയോട് പ്രിയം കുറയുകയാണ്. പഴത്തിന്‍െറ വിലക്കൂടുതല്‍ അതുമായി ബന്ധപ്പെട്ടുള്ള മറ്റു സംരംഭങ്ങളെയും ബാധിച്ചിട്ടുണ്ട്. കായ ചിപ്സുകളുണ്ടാക്കുന്ന കുടില്‍ വ്യവസായത്തെയും വിലവര്‍ധന സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലില്‍ പഴംപൊരിക്ക് വില കൂട്ടിത്തുടങ്ങി. നേന്ത്രപ്പഴത്തിന് പുറമേ ചെറിയ പഴവും കിട്ടാത്ത അവസ്ഥയുണ്ട്. മൈസൂര്‍ പഴത്തിന്‍െറയും വരവ് കുറഞ്ഞു. കാസര്‍കോട് ജില്ലയില്‍ സര്‍വസാധാരണമായ അവില്‍ മില്‍ക്കിന് ഗ്ളാസ് ഒന്നിന് 20 രൂപയില്‍നിന്ന് 25 രൂപയായി വില വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസംവരെ മലയോരങ്ങളില്‍ നേന്ത്രപ്പഴത്തിന്‍െറ വിളവെടുപ്പായിരുന്നു. ഇക്കാരണത്താല്‍ നാടന്‍ നേന്ത്രപ്പഴം സുലഭമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ ഗോവ നേന്ത്രപ്പഴമാണുള്ളത്. ഞാലിപ്പഴത്തിന് റമദാന്‍ സീസണില്‍തന്നെ വിപണിയില്‍ തീവിലയായിരുന്നു. ഇത് ഇപ്പോഴും തുടരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.