കാസര്‍കോട് മെഡിക്കല്‍ കോളജ്: കിറ്റ്കോക്ക് അഞ്ച് കോടി കൈമാറി

കാസര്‍കോട്: ഉക്കിനടുക്കയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് കോടി രൂപ കൂടി കൈമാറി. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 25 കോടി രൂപയില്‍ അഞ്ച് കോടിയാണ് കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണച്ചുമതല വഹിക്കുന്ന കിറ്റ്കോക്ക് കൈമാറിയത്. യു.ഡിഎഫ് സര്‍ക്കാറിന്‍െറ കാലത്ത് അനുവദിച്ച കോളജിന്‍െറ കെട്ടിട നിര്‍മാണം മന്ദഗതിയിലായിരുന്നു. കോളജ് നിര്‍മാണം തുടരുന്നതില്‍ ഇടതു സര്‍ക്കാറിനുണ്ടായിരുന്ന ആശയക്കുഴപ്പം നീങ്ങിയെന്നാണ് പുതിയ സമീപനം വ്യക്തമാക്കുന്നത്. അക്കാദമിക് ബ്ളോക്കിന്‍െറ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. നബാര്‍ഡ് അനുവദിച്ച 68 കോടി രൂപ കിറ്റ്കോക്ക് കൈമാറുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. തുക അധികമായതാണ് കൈമാറ്റ നടപടികള്‍ക്ക് തടസ്സമായിപറയുന്നത്. ഈ തുക കൂടി ലഭിച്ചാല്‍ മാത്രമേ ആശുപത്രി ബ്ളോക്കിന്‍െറ നിര്‍മാണം ആരംഭിക്കാന്‍ കഴിയുകയുള്ളൂ. 19 ശതമാനം തുക അധികമായതിനാല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഗവ. സെക്രട്ടറിമാരുടെ കമ്മിറ്റിയാണ് തുക കൈമാറുന്നതിന് അനുമതി നല്‍കേണ്ടത്. 66 ഏക്കര്‍ സ്ഥലമാണ് കോളജിനുവേണ്ടി ഏറ്റെടുത്തത്. ജില്ലയിലെ രോഗികള്‍ക്ക് പ്രയോജനപ്പെടാത്ത സ്ഥലത്താണ് മെഡിക്കല്‍ കോളജ് ആശുപത്രി പണിയുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രോഗികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്ന വിധത്തില്‍ ഗതാഗത സൗകര്യവും ഒരുക്കേണ്ടതുണ്ട്. ജില്ലയിലെ തെക്കേയറ്റത്തും കിഴക്കന്‍ മലയോര മേഖലയിലുമുള്ളവര്‍ക്ക് ഉക്കിനടുക്കയില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ മംഗളൂരുവില്‍ എത്താനാവുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് സ്പെഷല്‍ ഓഫിസറായി യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച പി.ആര്‍.ജി. പിള്ളയുടെ ഒൗദ്യോഗിക കാലാവധി ആഗസ്റ്റ് 15ന് അവസാനിക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ സ്പെഷല്‍ ഓഫിസറെ നിയോഗിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.