മത്സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞു: ട്രോളിങ് നിരോധം കഴിഞ്ഞിട്ടും ദുരിതത്തിന് അറുതിയില്ല

കാസര്‍കോട്: ‘കറിവെക്കാന്ള്ള മീന്‍പോലും കിട്ടീല്ല... പത്ത് കിലോമീറ്ററോളം കടലിന്‍െറ ഉള്ളിലേക്ക് പോയി. മുന്നൂറ് ലിറ്റര്‍ മണ്ണെണ്ണ കത്തിച്ചു. ഒന്നുംകിട്ടാതെ മടങ്ങി. ഇന്നലെയും ഇതേപോലെയായിരുന്നു’... യമഹ എന്‍ജിന്‍ ഘടിപ്പിച്ച നാടന്‍വള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ ബേക്കല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളി മണിയുടെയും കൂട്ടരുടെയും അനുഭവമാണിത്. കാസര്‍കോട് കസബ കടപ്പുറത്തെയും കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെയും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളതും ഇതുതന്നെ. ട്രോളിങ് നിരോധകാലം അവസാനിച്ചിട്ടും കടലോരത്തിന്‍െറ കഷ്ടകാലം നീങ്ങിയില്ല. മണ്‍സൂണ്‍കാലം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടെയും സമൃദ്ധിയുടെയും കാലമാണെന്ന സങ്കല്‍പമുണ്ടെങ്കിലും ഇക്കുറി കടലും കാലാവസ്ഥയും ഇവരെ തുണച്ചില്ല. ‘പലദിവസവും മീന്‍ കിട്ടാതെ മടങ്ങേണ്ടിവരുന്നു. കഴിഞ്ഞ രണ്ടു മാസം ആകെ കിട്ടിയത് 3000 ഉറുപ്പികയുടെ പണിയാണ്. അതുകൊണ്ട് ജീവിക്കാന്‍ പറ്റ്വോ?’ -മണി ചോദിക്കുന്നു. കടലിലെ മത്സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതിനൊപ്പം ആഴക്കടലില്‍മാത്രം മത്സ്യബന്ധനം നടത്താന്‍ അനുമതിയുള്ള ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ നിയമംലംഘിച്ച് തീരക്കടലില്‍ വന്ന് വലവീശുന്നതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായത്. കരയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അപ്പുറം മാത്രമേ ട്രോളിങ് ബോട്ടുകള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ അനുമതിയുള്ളൂ. എന്നാല്‍, പകല്‍സമയത്ത് പുറംകടലില്‍ വട്ടംചുറ്റുന്ന ബോട്ടുകള്‍ രാത്രി എട്ടിനുശേഷം പരിധികടന്ന് തീരക്കടലിലാണ് വലയിടുന്നത്. ഇതുകാരണം ചെറുമീനുകളും മീന്‍മുട്ടകളും നശിച്ച് മത്സ്യസമ്പത്തിന് വംശനാശം സംഭവിക്കുന്ന സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യങ്ങള്‍ കേന്ദ്രീകരിക്കുന്ന സ്ഥാനംനോക്കി വള്ളങ്ങള്‍ ഒരിടത്ത് നിര്‍ത്തിയിട്ട് വലയിടുമ്പോള്‍ ട്രോളിങ് ബോട്ടുകള്‍ തീരക്കടലിലൂടെ നൂറു കിലോമീറ്ററോളം വലവലിച്ച് സഞ്ചരിച്ച് മീന്‍മുട്ടകളെയും മീന്‍ കുഞ്ഞുങ്ങളെയും ചളിയോടെ കോരിയെടുക്കുകയാണ്. ചെമ്മീനുകള്‍ ഉള്‍പ്പെടെ മത്സ്യങ്ങള്‍ മുട്ടയിടാന്‍ തീരക്കടലിലേക്ക് വരുന്ന കാലമാണിത്. അരിപ്പപോലെ ചെറുകണ്ണികളുള്ള, ഒരു കിലോമീറ്ററിലധികം വിസ്തൃതിയുള്ള ബോര്‍ഡ് വലകളാണ് ഇന്‍ബോര്‍ഡ് എന്‍ജിന്‍ ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ ഉപയോഗിക്കുന്നത്. വലുപ്പമുള്ള മീനുകളെമാത്രം പെറുക്കിയെടുത്ത് ശേഷിച്ചത് മാലിന്യമായി കടലില്‍തന്നെ തള്ളുന്നു. കര്‍ണാടകയിലെ മംഗളൂരു, ബട്കല്‍ മുതല്‍ തിരുവനന്തപുരം ശംഖുമുഖം കടപ്പുറംവരെയുള്ള ഭാഗങ്ങളില്‍നിന്ന് വന്‍ ബോട്ടുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ തീരമേഖലയിലേക്ക് മത്സ്യബന്ധനത്തിന് എത്തുന്നുണ്ട്. നിയമം മറികടക്കുന്നവരെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ല. കടലില്‍ മീന്‍ കുറയാന്‍ പ്രധാന കാരണമിതാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇത് കാരണമാകുന്നു. കഴിഞ്ഞവര്‍ഷം ചെറുവത്തൂര്‍ മടക്കരയിലുണ്ടായ തര്‍ക്കം ദിവസങ്ങളോളം മത്സ്യബന്ധനം സ്തംഭിക്കാന്‍ ഇടയാക്കിയിരുന്നു. കേരളതീരത്ത് മത്സ്യസമ്പത്തില്‍ 16 ശതമാനം കുറവുണ്ടായതായി കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.