അഞ്ചുവര്‍ഷത്തെ വികസനം മാത്രം മതി തുടര്‍ഭരണത്തിന് –മുഖ്യമന്ത്രി

ബദിയടുക്ക: വികസനവും കരുതലും എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവൃത്തിയും കാരുണ്യ സഹായവും വിലയിരുത്തിയാല്‍ മതി തുടര്‍ഭരണത്തിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബദിയടുക്ക ടൗണില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അവര്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ എന്താണ് ചെയ്തതെന്നും വിലയിരുത്തപ്പെടണം. നേരത്തേ അഞ്ച് മെഡിക്കല്‍ കോളജാണ് ഉണ്ടായത്. എന്നാല്‍, ഇക്കഴിഞ്ഞ ഭരണത്തില്‍ 14 ജില്ലയിലും മെഡിക്കല്‍ കോളജിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എല്‍.ഡി.എഫ് നടത്തുന്ന എല്ലാ സമരങ്ങളും പരാജയപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്. ആളില്ലാത്തതുകൊണ്ടല്ല സ്വന്തം പാര്‍ട്ടിക്കകത്തുള്ള അതൃപ്തിയാണ് പരാജയത്തിന്‍െറ പിന്നിലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം, ബി.ജെ.പി ദേശീയ തലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നിസ്സാരമായി കാണാനാവില്ല. വിഭാഗീയത സൃഷ്ടിച്ച് മതേതരത്വത്തിനും മതസൗഹാര്‍ദത്തിനും ഭീഷണി സൃഷ്ടിക്കുകയാണ്. ഇതിനെ ചെറുത്തുതോല്‍പിക്കേണ്ടത് അനിവാര്യമാണ്. ഇത് മനസ്സിലാക്കി കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നുള്ളത് പ്രഖ്യാപനം മാത്രമാണെന്നും അതിന് കേരള ജനത അനുവദിക്കില്ളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കരുണപ്പ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്ന്, സി.കെ. ശ്രീധരന്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, അഷ്റഫലി, ബാലകൃഷ്ണന്‍ പെരിയ, കെ.എന്‍. കൃഷ്ണ ഭട്ട്, എ.എ. അബ്ദുറഹ്മാന്‍, രാമ പാട്ടാളി, ആനന്ദ മൗവ്വാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ പെര്‍ളയില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചു. സഞ്ജീവ റൈ അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുല്ല, മണ്ഡലം സ്ഥാനാര്‍ഥി പി.ബി. അബ്ദുറസാഖ്, സോമശേഖരന്‍, എ.കെ. അഷ്റഫ്, ഹര്‍ഷാദ് വോര്‍ക്കാടി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.