തെരഞ്ഞെടുപ്പ് വന്നിട്ടും തകര്‍ന്ന കാമറകള്‍ കണ്ണ് തുറന്നില്ല

കാസര്‍കോട്: ജില്ലയില്‍ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകളില്‍ തകരാറിലായവ നന്നാക്കുന്നതിന് നടപടിയില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളുടെ പരിധിയില്‍ കാമറകളുടെ കാര്യം പരിഗണനക്കും വന്നിട്ടില്ല. 83 സി.സി.ടി.വി കാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചത്. രണ്ടര ലക്ഷംരൂപ ചെലവില്‍ കെല്‍ട്രോണ്‍ ആണ് കാമറകള്‍ സ്ഥാപിച്ചത്. കാമറകള്‍ നന്നാക്കാനുള്ള ഉത്തരവാദിത്തവും കെല്‍ട്രോണിനാണ്. എന്നാല്‍, ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ളെന്നാണ് കെല്‍ട്രോണ്‍ അധികൃതര്‍ പറയുന്നത്. 69 കാമറകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 14 കാമറകള്‍ നശിപ്പിക്കപ്പെട്ടവയും വാഹനങ്ങള്‍ ഇടിച്ച് തകര്‍ത്തവയും മോഷണം പോയവയും ആണ്. ചിലത് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാത്തവയാണ്. സാങ്കേതിക തകരാര്‍ സംഭവിച്ചവ മാത്രമേ കെല്‍ട്രോണ്‍ നന്നാക്കുകയുള്ളൂ. ഇവ കെല്‍ട്രോണ്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. ജില്ലയില്‍ സ്ഥാപിച്ച കാമറകളിലൊന്ന് മോഷണം പോയിട്ടുണ്ടെന്ന് പൊലീസ് തന്നെ സ്ഥിരീകരിച്ചു. ബദിയടുക്ക ചെടേക്കാലിലെ സി.എച്ച്. മുഹമ്മദ് കുഞ്ഞിയുടെ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ ഓഫിസറാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് കാമറ കാണാതായത്. സുരക്ഷാ കാരണങ്ങളാല്‍ കാമറകള്‍ സ്ഥാപിച്ച ഇടങ്ങള്‍ വ്യക്തമാക്കാന്‍ പറ്റില്ളെന്ന് വിവരാവകാശ ഓഫിസറുടെ കുറിപ്പില്‍ പറയുന്നു. നേരത്തേ സ്ഥാപിച്ചിരുന്ന എട്ട് കാമറകള്‍ സാമൂഹിക ദ്രോഹികളാലും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ആറ് കാമറകള്‍ റോഡ് പ്രവൃത്തിമൂലം അഴിച്ചുവെച്ചതിനാലും അഞ്ച് കാമറകള്‍ സാങ്കേതിക തകരാറുമൂലവും രണ്ട് കാമറകള്‍ ലോറി ഇടിച്ച് തകര്‍ന്നതിനാലും ഒരു കാമറ മോഷണം പോയതിനാലുമാണ് പ്രവര്‍ത്തിക്കാത്തതെന്നാണ് വിശദീകരണം. വധശ്രമക്കേസുകളിലടക്കം പ്രതികളെ തിരിച്ചറിയുന്നതിന് സി.സി.ടി.വി കാമറകള്‍ ഉപകാരപ്രദമായിട്ടുണ്ടെന്നും സംസ്ഥാന വിവരാവകാശ കമീഷണറുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഉദുമ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി രണ്ട് കാമറകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കുറ്റകൃത്യം പിടിക്കപ്പെടുന്നത് തടയാനാണ് കാമറകള്‍ മോഷ്ടിച്ചതെന്ന് പറയപ്പെടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചില സംഘര്‍ഷമേഖലകളില്‍ നിന്ന് കാമറകള്‍ ഒഴിവാക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. തകര്‍ന്ന കാമറകള്‍ നന്നാക്കുന്നതിന് കെല്‍ടോണിനെ അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. എന്നാല്‍, കാമറകള്‍ പ്രവര്‍ത്തിക്കാത്ത കാര്യം തങ്ങള്‍ക്ക് അറിയില്ളെന്ന് കെല്‍ട്രോണ്‍ സി.സി.ടി.വി വിഭാഗം മേധാവി പ്രദീപ് പറഞ്ഞു. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മാത്രമേ തങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളൂ. ഇക്കാര്യം പരിഹരിക്കുന്നതിന് പ്രത്യേക സാങ്കേതിക വിദഗ്ധന്‍ ജില്ലയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT