ചെമ്മനാട് വയല്‍: നികത്തിയ മണ്ണ് തിരിച്ചെടുക്കാന്‍ സബ്കലക്ടറുടെ റിപ്പോര്‍ട്ട്

കാസര്‍കോട്: ചെമ്മനാട് പ്രദേശത്തിന്‍െറ നീര്‍ത്തടം എന്ന് വിശേഷിപ്പിക്കുന്ന വയലില്‍ സ്ഥലം ഉടമകള്‍ സംഘടിതമായി തള്ളിയ മണ്ണ്് തിരിച്ചെടുക്കാന്‍ സബ്കലക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. വിശാലമായ പാടത്ത് രണ്ട് തലങ്ങളിലായി സ്ഥിതിചെയ്യുന്ന ഭൂമി മണ്ണിട്ട് നികത്തിയത് വിവാദമായിരുന്നു. പാടം നികത്തിയ ഏഴുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസിന്‍െറ ആര്‍.ഡി.ഒ തലത്തില്‍ നടത്തിയ വിചാരണക്കുശേഷമാണ് പാടത്ത് മണ്ണിട്ടവര്‍ തന്നെ തിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ഡാറ്റാബാങ്കില്‍ പെട്ട സ്ഥലത്തും ഉള്‍പ്പെടുത്താത്ത സ്ഥലത്തും വ്യാപകമായി മണ്ണിട്ടു നികത്തിയിട്ടുണ്ട്. ഡാറ്റാബാങ്കില്‍പെട്ട സ്ഥലത്തെ മണ്ണ് തിരിച്ചെടുക്കാന്‍ ഉത്തരവിറക്കണമെന്നും ഭൂമി ഡാറ്റാബാങ്കില്‍പെടുത്തി കൃഷിക്ക് ഉപയോഗിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ കൃഷിവകുപ്പിനു നിര്‍ദേശം നല്‍കണമെന്നും ആര്‍.ഡി.ഒ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റാബാങ്കില്‍ പുറത്തുള്ള ഭൂമി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി റവന്യൂ ഡിവിഷനല്‍ ഓഫിസ് അറിയിച്ചു. കെ.എസ്.ടി.പി റോഡ് വികസനത്തിന്‍െറ ഭാഗമായി കുന്നിടിച്ചതും റോഡ് 54 സെന്‍റീമീറ്റര്‍ ആഴത്തില്‍ കുഴിച്ചെടുക്കുമ്പോള്‍ ലഭിച്ചതുമായ മണ്ണും ചെമ്മനാട് പാടത്തില്‍ തള്ളിയിട്ടുണ്ട്. ഈ നടപടിയില്‍ കെ.എസ്.ടി.പി അധികൃതര്‍ക്കെതിരെ കേസെടുത്ത് സബ്കലക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചതായി കളനാട് വില്ളേജ് ഓഫിസര്‍ അറിയിച്ചു. കെ.എസ്.ടി.പി അധികൃതരോട് പറഞ്ഞ് മണ്ണ് പാടത്ത് നിക്ഷേപിക്കാന്‍ ഭൂമാഫിയ തന്നെ ഗൂഡാലോചന നടത്തിയതായാണ് പറയുന്നത്. കെ.എസ്.ടി.പിക്ക് മണ്ണ് നിക്ഷേപിക്കാന്‍ രണ്ട ് ഏക്കര്‍ സ്ഥലം പരവനടുക്കത്ത് നല്‍കിയിട്ടും ചെമ്മനാട് പാടത്ത് നിക്ഷേപിച്ചത് സ്ഥലം ഉടമകളുടെ താല്‍പര്യപ്രകാരമാണ് എന്നും പറയുന്നു. കൊടും വേനലില്‍ കുടിനീരിനുവേണ്ടി നാട് നിലവിളിക്കുമ്പോഴാണ് ചെമ്മനാട് പ്രദേശത്തിന്‍െറ നീര്‍ത്തടം വ്യാപകമായി നികത്തപ്പെടുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട കളനാട് വില്ളേജ് അധികൃതര്‍ കേസെടുത്ത് റിപ്പോര്‍ട്ട് സബ്കലക്ടര്‍ക്ക് അയച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 31ന് പാടത്തിന്‍െറ ഉടമകളെ ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു. ചെമ്മനാട് പഞ്ചായത്തിന്‍െറ ഡാറ്റാബാങ്കില്‍ നിന്ന് ചെമ്മനാട് വയലിനെ പാടമെന്നോ പറമ്പെന്നോ വിവക്ഷിക്കാതെ വര്‍ഷം മുമ്പ് നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് നികത്താനുള്ള തീരുമാനമെടുത്തത്. നിരവധി പറമ്പുകളുടെ ഉടമകള്‍ ഒന്നിച്ച് പാടത്ത് മണ്ണിടാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.