കെ.എസ്.ടി.പി റോഡ് നിര്‍മാണം: വശങ്ങളില്‍ തകരഷീറ്റ് വെച്ച് മണ്ണ് ഉറപ്പിക്കുന്നതായി പരാതി

കാസര്‍കോട്: കെ.എസ്.ടി.പി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വീണ്ടും ആക്ഷേപം. റോഡ് നിര്‍മാണത്തില്‍ പലയിടത്തും മണ്ണിട്ടുയര്‍ത്തിയ ഇടങ്ങളില്‍ കല്ല് കെട്ടി ഉറപ്പിച്ച് നിറുത്തുന്നതിന് പകരം ഫൈബര്‍ അല്ളെങ്കില്‍ തകരഷീറ്റ് വെച്ച് മറച്ച് റോഡിന്‍െറ വശങ്ങള്‍ ഉറപ്പിക്കുന്നതായാണ് പരാതി. ചെമ്മനാടിനടുത്ത് മുണ്ടാംകുളത്ത് മണ്ണിട്ട് ഉയര്‍ത്തിയ സ്ഥലത്താണ് റോഡിന്‍െറ വശങ്ങളില്‍ തകരഷീറ്റ് വെച്ച് മണ്ണിട്ട് ഉയര്‍ത്തിയിരിക്കുന്നത്. റോഡിന് ഇവിടെ വീതി കുറവാണ്. വീതി കൂട്ടുന്നതിനും റോഡ് ലെവല്‍ ചെയ്യുന്നതിനുമാണ് മണ്ണിട്ടുയര്‍ത്തിയിരിക്കുന്നത്. വശങ്ങളില്‍ തകരഷീറ്റ് വെച്ച് മണ്ണിട്ടുയര്‍ത്തുകയായിരുന്നുവത്രേ. 27.76 മീറ്റര്‍ റോഡില്‍ പുതിയ കള്‍വര്‍ട്ടുകള്‍ പണിതീര്‍ത്ത പലയിടത്തും ഇങ്ങിനെ മണ്ണിട്ടുയര്‍ത്തി തകരഷീറ്റ് വെച്ചാണ് റോഡിന്‍െറ വശങ്ങള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നത്. ആര്‍.ഡി.എസ് പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് കെ.എസ്.ടി.പി കാസര്‍കോട് ചന്ദ്രഗിരി റോഡിന്‍െറ പണി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പണി തൃപ്തികരമാണെന്ന് കെ.എസ്.ടി.പി ഏര്‍പ്പെടുത്തിയ സുരക്ഷാ ഏജന്‍സി സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. നല്ല നിലവാരത്തിലാണ് റോഡുകളും വശങ്ങളും നിര്‍മിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ദേവേഷ് പറഞ്ഞു. റോഡ് കെ.എസ്.ടി.പി പറഞ്ഞ നിലവാരത്തിനെക്കാള്‍ മികച്ച രീതിയിലാണ് പണിതിട്ടുള്ളതെന്ന് സൂപ്പര്‍വൈസര്‍ പി.പി. വേണുഗോപാലന്‍ നായരും പറഞ്ഞു. റോഡിന്‍െറ വശങ്ങള്‍ കല്ല് കൊണ്ട് കെട്ടാന്‍ കെ.എസ്.ടി.പി ഏല്‍പ്പിച്ചിട്ടില്ല. അത് കരാറില്‍ ഉള്‍പ്പെട്ടിട്ടുമില്ല. എന്നിട്ടും കമ്പനി വശങ്ങള്‍ നേരെയാക്കാന്‍ അധിക മണ്ണിട്ട് വീതി കൂട്ടുകയായിരുന്നു -അദ്ദേഹം പറഞ്ഞു. റോഡിന്‍െറ വശങ്ങളില്‍ കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് താഴ്ന്ന് ഒലിച്ചുപോകാതിരിക്കാന്‍ കല്ലിട്ട് വശങ്ങള്‍ കെട്ടുന്നതാണ് നല്ലതെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.