കാസര്‍കോട് ചുട്ടു പൊള്ളുന്നു

കാസര്‍കോട്: ജില്ല അതീവ ചൂടിലേക്ക്. 38 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ചൂട്. 37 ഡിഗ്രിയാണ് ജില്ലയില്‍ ഇതു വരെയായി ഏറ്റവും കൂടുതലായി കണക്കാക്കിയ താപനില. ഇത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതായിരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ ഓഫിസ് കണ്ണൂരില്‍ മാത്രമാണുള്ളത്. കാസര്‍കോടിന്‍െറ ചൂട് കാലാവസ്ഥ വെബ്സൈറ്റില്‍ ലഭിക്കാറുമില്ല. മംഗളൂരുവിലെ ചൂട്, കണ്ണൂരിലെ ചൂട് എന്നിവയാണ് കാസര്‍കോടിന്‍െറ ചൂടിനെ കണക്കാക്കുന്ന ദേശങ്ങള്‍ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. സാധാരണ നിലയില്‍ വേനല്‍ കാലത്ത് കാസര്‍കോട്ട് മറ്റ് ജില്ലകളെ അപേക്ഷിച്ച് ചൂട് കുറവായിരുന്നു. കനത്ത മഴയും ശക്തമായ കാറ്റുമായിരുന്നു ജില്ലയുടെ കാലാവസ്ഥ അനുഭവങ്ങള്‍. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ചുട്ടുപൊള്ളുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് ഇറക്കിയ പ്രത്യേക നിര്‍ദേശങ്ങളും മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. ഉച്ച 12 മണി മുതല്‍ മൂന്ന് മണി വരെ തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കരുത് എന്നാണ് നിയമം. എന്നാല്‍, കരാറുകാര്‍ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വെയില്‍ പീഡനം വ്യാപകമാണെന്നാണ് ആക്ഷേപം. നിര്‍മാണ തൊഴിലാളികളെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഫെബ്രുവരി 27മുതല്‍ ഏപ്രില്‍ 30വരെ ലേബര്‍ കമീഷണര്‍ തൊഴില്‍ സമയം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇത് മിക്കയിടങ്ങളിലും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.