ഒറ്റപ്പെടലിന്‍െറ ഓര്‍മയില്‍ ശ്രീജ പറയുന്നു; ആ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കണം

കാസര്‍കോട്: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കൃഷ്ണയെയും കിഷോറിനെയും സര്‍ക്കാര്‍ ഉടന്‍ ദത്തെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ ദത്തുപുത്രി ശ്രീജ. കൃഷ്ണയെയും കിഷോറിനെയും ‘സ്നേഹസ്പര്‍ശം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസവും വീടും സര്‍ക്കാര്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, അവരെ സര്‍ക്കാര്‍ പൂര്‍ണമായി ദത്തെടുക്കണമെന്നാണ് ശ്രീജയുടെ ആവശ്യം. രണ്ടു കുരുന്നുകള്‍ ആശ്രയമറ്റുനില്‍ക്കുമ്പോള്‍, 22 വര്‍ഷങ്ങള്‍ക്കപ്പുറം താന്‍ അനുഭവിച്ച ഒറ്റപ്പെടലിന്‍െറ കഥയോര്‍ക്കുകയാണ് ശ്രീജ. 1994 ജൂലൈ 20ന് ഇടവപാതിയിലാണ് മരം കടപുഴകി വീടിന് മുകളില്‍ വീണ് അച്ഛനമ്മമാരും രണ്ടു സഹോദരന്മാരും സഹോദരിയുമടക്കം അഞ്ചുപേര്‍ മരിച്ചത്. കട്ടിലിനടിയില്‍ കിടന്നതിനാല്‍ ശ്രീജയും തൊട്ടു മൂത്ത ചേച്ചിയും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കാസര്‍കോട് ജില്ലാ കലക്ടറായിരുന്ന മാരപാണ്ഡ്യന്‍ സംഭവസ്ഥലത്ത് പാഞ്ഞത്തെുകയും അശരണയായ ശ്രീജയെ സര്‍ക്കാര്‍ ദത്തെടുക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീജയുടെ വിദ്യാഭ്യാസ ചെലവും നിത്യനിദാന ചെലവുകളും സര്‍ക്കാര്‍ വഹിച്ചു. ചേച്ചിയുടെ കല്യാണം നടന്നതോടെ തീര്‍ത്തും ഒറ്റക്കായ ശ്രീജക്ക് സര്‍ക്കാര്‍ കലക്ടറേറ്റില്‍ ജോലി നല്‍കി. 1999 മേയ് 27ന് അധ്യാപകന്‍ സി.പി. വിനോദ്കുമാര്‍ ജീവിതസഖിയാക്കി. ഇന്ന് ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. പത്തില്‍ പഠിക്കുന്ന ശ്രീലക്ഷ്മിയും ബല്ല യു.പിയില്‍ പഠിക്കുന്ന മീനാക്ഷിയും. പിന്നീടിങ്ങോട്ട് ആരെയും സര്‍ക്കാര്‍ പൂര്‍ണമായി ദത്തെടുത്തിട്ടില്ളെന്നാണ് അറിവ്. വെടിക്കെട്ട് ദുരന്തത്തില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കൃഷ്ണയെയും കിഷോറിനെയും സര്‍ക്കാര്‍ പൂര്‍ണമായി ദത്തെടുക്കണമെന്നാണ് ആദ്യ ദത്തുപുത്രിയുടെ ആവശ്യം. കേരളത്തിന്‍െറ നൊമ്പരമായ ഈ കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ദത്തെടുത്താല്‍ അത് സംസ്ഥാനത്ത് കനിവിന്‍െറ മറ്റൊരു ചരിത്രമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.