യുവതിയെ ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ചെങ്കല്ല് വ്യാപാരിയെയും സുഹൃത്തിനെയും യുവതിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ചൗക്കി മജലിലെ മുഹമ്മദ് സഹീര്‍ (25), ചൂരി ബദര്‍ നഗറിലെ ഇസ്മാഈല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവാവും യുവതിയും ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ച രണ്ടുമണിയോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മലയോരത്തെ ചെങ്കല്ല് വ്യാപാരിയെ തലശ്ശേരി സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ യുവതി മിസ്ഡ്കോള്‍ ചെയ്ത് പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് ബന്ധം ഫോണ്‍വഴി ശക്തമായി. ശനിയാഴ്ച ഇരുവരും കാസര്‍കോട്ട് കണ്ടുമുട്ടാന്‍ ധാരണയായി. കാസര്‍കോട്ട് എത്തിയ യുവതി താന്‍ റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് വ്യാപാരിയെ ഫോണില്‍ അറിയിച്ചു. തുടര്‍ന്ന് വ്യാപാരിയും സുഹൃത്തും സ്റ്റേഷനിലത്തെി യുവതിയെ കാറില്‍ കയറ്റി. സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ പുറപ്പെടാനൊരുങ്ങിയപ്പോള്‍ മൂന്നു യുവാക്കള്‍ കൂടി ഓടിക്കയറുകയും ഡ്രൈവറോട് മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചതോടെ മൂവര്‍ സംഘം ഇവരെ ഭീഷണിപ്പെടുത്തി. തന്ത്രപരമായി നീങ്ങിയ വ്യാപാരിയും സുഹൃത്തും മംഗളൂരുവിലേക്ക് പോകാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് ബാങ്ക് റോഡ് വഴി ദേശീയപാത ഭാഗത്തേക്ക് സഞ്ചരിക്കവേ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലത്തെിയ കാര്‍ പൊടുന്നനെ സറ്റേഷനിലേക്ക് തിരിച്ചു. എന്നാല്‍, കാര്‍ സ്റ്റേഷന് മുന്നില്‍ ഓഫായതോടെ യുവതിയും യുവാവും ഇറങ്ങിയോടി. തുടര്‍ന്ന് കാറിലുണ്ടായിരുന്ന മുഹമ്മദ് സഹീര്‍, ഇസ്മാഈല്‍ എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടിയിലായവര്‍ വധശ്രമ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.