ചളിയംകോട് പാലത്തിലൂടെ കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങി

കാസര്‍കോട്: ചളിയംകോട് പാലത്തിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിത്തുടങ്ങി. ഇതോടെ ഒന്നരവര്‍ഷത്തോളമായി ജീവനക്കാരും യാത്രക്കാരും അനുഭവിച്ചിരുന്ന ദുരിതത്തിനാണ് അറുതിയായത്. ദേളി പരവനടുക്കം വഴി ചുറ്റിയായിരുന്നു കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയിരുന്നത്. വീതികുറഞ്ഞ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തി. ചെറിയ വാഹനങ്ങള്‍ ഇടയില്‍പ്പെടുന്നതോടെ ഗതാഗത തടസ്സവും പതിവായി. 26 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ഞങ്ങാട്ടേക്കത്തൊന്‍ ഒന്നേകാല്‍ മണിക്കൂറിലധികം സമയവും വേണ്ടിവന്നു. ഒരു ദിവസം 250 ലിറ്ററോളം ഡീസലും മെയിന്‍റനന്‍സ് ചാര്‍ജുമടക്കം കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടവും വന്നു. യാത്രക്കാര്‍ക്കാണെങ്കില്‍ സമയനഷ്ടവും. പാലംപണി പൂര്‍ത്തിയായതോടെ മറ്റു വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍വിസ് നടത്താനാവാത്തതിന്‍െറ സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി ‘മാധ്യമം’ മാസങ്ങള്‍ക്ക് മുമ്പുതന്നെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ജില്ലാ കലക്ടര്‍ ഇ.ദേവദാസ്, നേരിട്ട് ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിലിടപെടുകയായിരുന്നു. കലക്ടര്‍ കെ.എസ്.ടി.പി എന്‍ജിനീയര്‍മാരുമായും കെ.എസ്.ആര്‍.ടി.സി ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, പി.ഡബ്ള്യു.ഡി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. കെ.എസ്.ടി.പി, റോഡ് ഗതാഗതത്തിന് സജ്ജമാണെന്നറിയിച്ചാല്‍ ഫിറ്റ്നസ് തരാന്‍ ഒരു മടിയുമില്ളെന്ന് പി.ഡബ്ള്യു.ഡി കലക്ടറെ അറിയിച്ചു. കലക്ടര്‍ ജനപ്രതിനിധികളോട് ആലോചിച്ച് തീരുമാനമെടുത്തതോടെ പാലത്തിലൂടെയുള്ള ഗതാഗതത്തിന് വഴിതെളിയുകയായിരുന്നു. വിഷുത്തലേന്ന് കിട്ടിയ ഈ കൈനീട്ടത്തിന്‍െറ ആഹ്ളാദത്തിലാണ് കാസര്‍കോട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.