ചളിയംകോട് പാലത്തിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കം: യാത്രക്കാരും കെ.എസ്.ആര്‍.ടി.സിയും ദുരിതത്തില്‍

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചളിയംകോട് പാലത്തിന് ഫിറ്റ്നസ് നല്‍കുന്നത് സംബന്ധിച്ച് കെ.എസ്.ടി.പിയും പി.ഡബ്ള്യു.ഡിയും തമ്മില്‍ തര്‍ക്കം മുറുകിയതോടെ യാത്രക്കാരും കെ.എസ്.ആര്‍.ടി.സിയും ദുരിതത്തിലായി. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ പാലത്തിലൂടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്താത്തത് വാര്‍ത്തയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് പരിശോധന നടത്തി ഫിറ്റ്നസ് നല്‍കാന്‍ പി.ഡബ്ള്യു.ഡിക്ക് കലക്ടര്‍ ഇ. ദേവദാസന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ഫിറ്റ്നസ് നല്‍കേണ്ടത് കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറാണെന്നാണ് പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. പി.ഡബ്ള്യു.ഡിയില്‍ നിന്ന് പാലം പരിശോധിക്കാനുള്ള അപേക്ഷ ലഭിച്ചാല്‍ മാത്രമേ പരിശോധന നടത്തി ഫിറ്റ്നസ് നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമുള്ളൂ എന്നാണ് കെ.എസ്.ടി.പി എന്‍ജിനീയര്‍മാരുടെ നിലപാട്. കെ.എസ്.ടി.പി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൈമാറേണ്ടത് പി.ഡബ്ള്യു.ഡിക്കാണെന്നും അവര്‍ വ്യക്തമാക്കുന്നു. പി.ഡബ്ള്യു.ഡിയുടെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ക്ക് പാലം തുറന്നുകൊടുക്കാമെന്നും അവര്‍ പറയുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെ തര്‍ക്കം കാരണം കഷ്ടത്തിലായത് യാത്രക്കാരും കെ.എസ്.ആര്‍.ടി.സിയുമാണ്. നേരത്തെ, നിര്‍മാണം പൂര്‍ത്തിയായിട്ടും പാലം തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇടപെട്ട് പാലം തുറപ്പിച്ചിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ തന്നെ ഓടിത്തുടങ്ങി. എന്നാല്‍, ഫിറ്റ്നസ് ലഭിക്കാത്തതിനാലും കലക്ടറുടെ അനുവാദമില്ലാത്തതിനാലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ചളിയംകോട് പാലത്തിലൂടെ സര്‍വിസ് നടത്താന്‍ പറ്റുന്നില്ല. കലക്ടറുടെ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ പാലത്തിലൂടെ സര്‍വിസ് നടത്താന്‍ കഴിയൂവെന്നാണ് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍ പറയുന്നത്. പാലത്തിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒന്നര വര്‍ഷത്തോളമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ദേളി വഴി എഴു കിലോമീറ്ററോളം ചുറ്റിയാണ് പയ്യന്നൂരിലേക്കുള്ള സര്‍വിസ് നടത്തുന്നത്. ഇത് കെ.എസ്.ആര്‍.ടി.സിക്ക് അമിത ചെലവ് വരുത്തിവെക്കുന്നതാണ്. മാത്രമല്ല, ടാറിളക്കി അലങ്കോലമാക്കിയ റോഡിലൂടെയുള്ള സര്‍വിസ് കെ.എസ്.ആര്‍.ടി.സിയുടെ അഞ്ചോളം ബസുകളുടെ എന്‍ജിന്‍ തകരാറിലാക്കിയിട്ടുണ്ടെന്ന് ജയകുമാര്‍ പറഞ്ഞു. പാലത്തിന്‍െറ പണി പൂര്‍ത്തിയായെന്ന് കാണിച്ച് നിര്‍മാണ പ്രവൃത്തി നടത്തുന്ന കമ്പനി ആഴ്ചകള്‍ക്ക് മുമ്പുതന്നെ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാലത്തില്‍ പരിശോധന നടത്തി അടിയന്തരമായി ഫിറ്റ്നസ് നല്‍കാന്‍ പി.ഡബ്ള്യു.ഡിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ചളിയംകോട് വഴി ഗതാഗതം നിരോധിച്ചതോടെ നാലോളം സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കിയിട്ടുണ്ട്. ബസ് സര്‍വിസ് കുറഞ്ഞത് ഈ ദേശസാത്കൃത റൂട്ടിലൂടെയുള്ള യാത്രാക്ളേശവും വര്‍ധിപ്പിച്ചിട്ടുണ്ട്. പാലം തുറന്നുകൊടുത്താല്‍ നേരത്തെ വെട്ടിച്ചുരുക്കിയ നാല് സര്‍വിസുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം പാലത്തിലൂടെ സര്‍വിസ് നടത്താത്തതിനെതിരെ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ദുരിതയാത്ര എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കലക്ടര്‍ മുന്‍കൈ യെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ചളിയംകോട് പാലത്തിലൂടെയാണ് കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.