കാഞ്ഞങ്ങാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി: കുപ്പായം തുന്നിയത് പത്തോളം പേര്‍

കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനുവേണ്ടി കുപ്പായം തുന്നി കാത്തിരുന്നത് പത്തോളം പേര്‍. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം നേതൃത്വത്തിന് കീറാമുട്ടിയായി മാറിയതിനു കാരണവും സ്ഥാന മോഹികളുടെ ബാഹുല്യം തന്നെ. മലയോരത്തെ ‘സുധാകരന്‍’ എന്ന് വിളിപ്പേരുള്ള നേതാവ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പേതന്നെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ചരടുവലികള്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി തരക്കേടില്ലാത്ത അടുപ്പം പുലര്‍ത്തുന്ന നേതാവ് ഏതാണ്ട് സീറ്റ് ഉറപ്പിച്ചതുമായിരുന്നു. വാര്‍ത്തകള്‍ തനിക്ക് അനുകൂലമാക്കാന്‍ സ്വാധീനത്തില്‍ വീഴുന്ന പത്രപ്രവര്‍ത്തകരുടെ പട്ടികപോലും ഇദ്ദേഹത്തിന്‍െറ പ്രചാരണ വിഭാഗത്തെ ഉപയോഗിച്ച് തയാറാക്കിയിരുന്നു. ഇതേ സമയത്താണ് ജില്ലക്ക് പുറത്തുനിന്നുള്ള കെ.പി.സി.സി ഭാരവാഹി സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ശ്രമം നടത്തിയത്. ഇദ്ദേഹത്തെ മറ്റൊരു മണ്ഡലത്തിലേക്ക്് പരിഗണിക്കുമെന്ന് ഉറപ്പാക്കിയതോടെ ഐ.എന്‍.ടി.യു.സി ജില്ലാ നേതാവിന്‍െറ പേര് ഉയര്‍ന്നുവന്നു. തൊട്ടുപിന്നാലെ ഡി.സി.സി ഭാരവാഹിയായ മലയോരത്തെ യുവ നേതാവും കാഞ്ഞങ്ങാട്ടെ മുന്‍ കെ.എസ്.യു നേതാവും സ്ഥാനാര്‍ഥി പട്ടികയിലേക്ക്് നിര്‍ദേശിക്കപ്പെട്ടു. ചിലര്‍ വാട്സ് ആപില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ഫോട്ടോയും വോട്ടഭ്യര്‍ഥനയും പ്രത്യക്ഷപ്പെട്ടു. ഡി.സി.സി ഭാരവാഹിയും മുന്‍ നഗരസഭാ പ്രതിനിധിയുമായ തീരദേശത്തെ യുവനേതാവിനും മത്സരിക്കണമെന്ന മോഹമുണ്ടായി. ഇദ്ദേഹത്തിന്‍േറത് ഉള്‍പ്പെടെ എട്ട് പേരുകളാണ് സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ ഡി.സി.സിയുടെ പരിഗണനക്കത്തെിയത്. ഇതില്‍ നിന്ന് മൂന്നുപേരുകള്‍ മുകളിലേക്കയച്ചു. അതില്‍ മലയോരത്തെ യുവനേതാവിനാണ് ആദ്യം നറുക്ക് വീണത്. ഇതിനെതിരെ പൊട്ടിത്തെറിയും പ്രതിഷേധ പ്രകടനവും ഉണ്ടായപ്പോള്‍ സമവായമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍െറ പേര് നിര്‍ദേശിക്കപ്പെട്ടു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് കെ.പിസി.സി നിര്‍വാഹക സമിതിയംഗമായ മുതിര്‍ന്ന നേതാവിന്‍െറ മകള്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രചാരണമുണ്ടായത്. മന്ത്രി പദവിയിലിരിക്കുന്ന സ്ഥാനങ്ങളില്ലാത്ത നേതാവ് പ്രത്യേക താല്‍പര്യമെടുത്താണ് മഹിളാ കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ചത്. ബ്ളോക് കമ്മിറ്റികളടക്കം ഇതിനെതിരെ തിരിഞ്ഞതിനാല്‍ ഇവര്‍ ഖദര്‍ സാരി വാങ്ങിയത് തല്‍ക്കാലം വെറുതെയായി. ഒടുവില്‍, കാഞ്ഞങ്ങാട്ട് മത്സരിക്കാന്‍ യോഗ്യതയുള്ളവരായി പട്ടികയിലാരും ഇല്ളെന്ന നിഗമനത്തിലാണ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്. സംഘടനാ കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ എം.എല്‍.എയുടെ കോണ്‍ഗ്രസുകാരനല്ലാത്ത മകനെ പൊതു സമ്മതനായി കണ്ടത്തെിയെങ്കിലും ഇദ്ദേഹം എളുപ്പത്തില്‍ വഴങ്ങുന്ന മട്ടില്ല. എന്നാലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവിഭാഗം ശ്രമം ഉപേക്ഷിച്ചിട്ടില്ല. അതിനിടെ വീണ്ടും കറങ്ങിത്തിരിഞ്ഞ് ഐ.എന്‍.ടി.യു.സി നേതാവിന്‍െറ പേരുതന്നെ ഹൈകമാന്‍ഡിന്‍െറ മുന്നിലത്തെിയിട്ടുമുണ്ട്. ഏപ്രില്‍ 11ന് മുഖ്യമന്ത്രി ജില്ലയിലത്തെുമ്പോഴേക്കെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണേയെന്നാണ് പ്രവര്‍ത്തകരുടെ പ്രാര്‍ഥന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.