കാഞ്ഞങ്ങാട്: വികസനത്തിന്‍െറ കോടാലിക്കൈകള്‍ അറുത്തിട്ട തണല്‍മരങ്ങളുടെ ശേഷിപ്പുകളില്‍നിന്ന് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തളിര്‍ക്കുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പി.യുടെ റോഡ് വികസന പദ്ധതിക്കുവേണ്ടി മുറിച്ചു മാറ്റിയ തണല്‍മരങ്ങളുടെ ശേഷിച്ച തായ്ത്തടികളിലും കുറ്റികളിലുമാണ് കൊടും വെയിലിനെ അതിജീവിച്ച് പച്ചപ്പിന്‍െറ തളിര്‍പ്പുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഇക്ബാല്‍ റോഡ് ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത് ഹൈവേ ജങ്ഷന്‍ വരെ റോഡിന്‍െറ ഇരുഭാഗങ്ങളിലായുണ്ടായിരുന്ന 54 തണല്‍മരങ്ങളാണ് മുറിച്ചുനീക്കപ്പെട്ടത്. നൂറുവയസ്സോളമത്തെിയ ആല്‍മരങ്ങളും ഇതില്‍പ്പെടും. വിശ്വാസത്തിന്‍െറ പിന്‍ബലം കിട്ടിയതിനാല്‍ തറകെട്ടി സംരക്ഷിച്ചിരുന്ന ചില അരയാല്‍ മരങ്ങള്‍ക്ക് മാത്രമാണ് രക്ഷ കിട്ടിയത്. യന്ത്രവാളുകള്‍ ചുവടോടെ അറുത്തുമാറ്റിയിട്ടും ഉണക്കം ബാധിക്കാതെ അതിജീവിക്കാന്‍ ശ്രമിക്കുന്ന, ബസ്സ്റ്റാന്‍ഡ് പരിസരത്തും നോര്‍ത് കോട്ടച്ചേരിയിലുമുള്ള ഏതാനും മരക്കുറ്റികളിലാണ് തളിരിലകള്‍ കണ്ടത്. എന്നാല്‍, ഇവയെ ചവിട്ടിയൊടിച്ച് രാസവസ്തുക്കളും മറ്റും ഉപയോഗിച്ച് പൂര്‍ണമായും തീയിട്ടുകരിച്ച ശേഷം അവിടം കിളച്ചുമറിച്ച് അടയാളം പോലും ഇല്ലാതാക്കിയതിനും നഗരം സാക്ഷിയായി. നേരത്തേ എല്‍.ഐ.സി ഓഫിസ് പ്രവര്‍ത്തിച്ച കെട്ടിടത്തിന് സമീപത്താണ് ഇത്തരമൊരു കാഴ്ച കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.