പരാധീനതയില്‍ ഉപ്പള ഫയര്‍ സ്റ്റേഷന്‍

മഞ്ചേശ്വരം: സ്വന്തമായി സ്ഥലവും മതിയായ സൗകര്യവും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ ഉപ്പള ഫയര്‍ സ്റ്റേഷന്‍. ആറുവര്‍ഷം മുമ്പ് ഉപ്പള അമ്പാറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ നാളുകളില്‍ അനുവദിച്ച അതേ നിലയില്‍ തന്നെ ഇന്നും തുടരുകയാണ്. ദേശീയപാതയില്‍നിന്നും ഒരു കിലോമീറ്റര്‍ മാറി നയബസാര്‍ അമ്പാറില്‍ പഞ്ചായത്തിന്‍െറ താല്‍ക്കാലിക കെട്ടിടത്തിലാണ് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അത്യാഹിത സമയങ്ങളില്‍ കുതിച്ചെത്തേണ്ട ഫയര്‍ എന്‍ജിനുകള്‍ ചെറിയ റോഡുകളില്‍നിന്നും ഗതാഗത തടസ്സം ഒഴിവാക്കി എത്തുമ്പോള്‍ സമയം വൈകുന്നത് പതിവാണ്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഭരണകാലത്ത് ഫയര്‍ സ്റ്റേഷന് സോങ്കാലില്‍ അനുവദിച്ച ഒന്നരയേക്കര്‍ ഭൂമി ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്. 2010 ഏപ്രില്‍ 17ന് തുറന്ന ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടവും സൗകര്യവുമുണ്ടാക്കാനുള്ള അന്നത്തെ സര്‍ക്കാറിന്‍െറ പദ്ധതി പിന്നീട് വന്ന സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോയില്ല. നിലവില്‍ ഇവിടെ സ്റ്റേഷന്‍ തുടങ്ങിയ സമയത്ത് അനുവദിച്ച രണ്ട് ഫയര്‍ എന്‍ജിനും ഒരു ജീപ്പുമാണുള്ളത്. നേരത്തെ ഉണ്ടായിരുന്ന ആംബുലന്‍സ് മറ്റൊരിടത്തേക്ക് മാറ്റി. പകരം, ആംബുലന്‍സ് നല്‍കാത്തതിനാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്യാഹിത സ്ഥലങ്ങളിലേക്ക് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജീവനക്കാര്‍ക്ക് താമസത്തിന് ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതിനാല്‍ വാടക വീടുകളിലാണ് താമസം. സ്റ്റേഷന്‍ ഓഫിസറുടെ നിയമനം നടത്താത്തതിനാല്‍ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ക്കാണ് നിലവില്‍ ചുമതല. നാല് ലീഡിങ് ഫയര്‍മാന്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.