കാഞ്ഞങ്ങാട്ട് എല്‍.ഡി.എഫും എന്‍.ഡി.എയും സജീവം

കാഞ്ഞങ്ങാട്: എല്‍.ഡി.എഫും എന്‍.ഡി.എയും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത ശേഷിക്കുന്ന യു.ഡി.എഫ് ക്യാമ്പില്‍ മ്ളാനത. എല്‍.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ സജീവമായതിനൊപ്പം സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഒന്നാംഘട്ട പര്യടനത്തിനിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മലയോരത്തെ വോട്ടര്‍മാര്‍ക്കിടയിലായിരുന്നു സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍. കുടിയേറ്റ മേഖലയായ മാലക്കല്ലിലാണ് വ്യാഴാഴ്ചത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ബസ്സ്റ്റോപ്പിലും ഓട്ടോസ്റ്റാന്‍ഡിലും സ്ഥാപനങ്ങളിലും അദ്ദേഹം ആളുകളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. രാജപുരം, പൂടംകല്ല്, കൊട്ടോടി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം രാജപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് ലോക്കല്‍ കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുത്തു. എല്‍.ഡി.എഫ് നേതാക്കളായ ടി. കോരന്‍, ഷാലു മാത്യു, ഒക്ളാവ് കൃഷ്ണന്‍, രത്നാകരന്‍ നമ്പ്യാര്‍, ടി.കെ. നാരായണന്‍, പി.ജെ. സാമുവല്‍, അബ്ദുല്‍ മജീദ്, എ. രാഘവന്‍, രാജേന്ദ്രന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എന്‍.ഡി.എ സ്്ഥാനാര്‍ഥി എം.പി. രാഘവന്‍ കുടുംബ യോഗങ്ങളിലും ഗൃഹ സന്ദര്‍ശനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കളും ഒപ്പമുണ്ട്. നാളെ കേന്ദ്രമന്ത്രി നദ്ദ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം നടക്കാത്തതിനാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് അണികളിലേക്കും നേതാക്കളിലേക്കും തെരഞ്ഞെടുപ്പിന്‍െറ സ്പിരിറ്റ് എത്തിയിട്ടില്ല. യു.ഡി.എഫിലെ ഘടകകക്ഷികളിലും ഉണര്‍വ് കാണാനില്ല. മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 11ന് ചുള്ളിക്കരയില്‍ നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന കണ്‍വെന്‍ഷനോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉഷാറാകുമെന്ന് നേതൃത്വം കരുതുന്നു. 11നകം സ്ഥാനാര്‍ഥി നിര്‍ണയം നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.